
തിരുവനന്തപുരം:സമൂഹത്തിലെ ഏറ്റവും അവശതയനുഭവിക്കുന്ന വിഭാഗങ്ങളെയും ചേർത്തു പിടിച്ച് വികസന സ്പർശമെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരള പര്യടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളിൽ വികസന സ്പർശമെത്താത്ത ആരുമുണ്ടാകരുത്. എല്ലാ തലത്തിലും പ്രദേശത്തും വികസനമെത്തണം. കേരളത്തിലെ വ്യവസായ മേഖല വലിയ പുരോഗതിയിലേക്ക് നീങ്ങുകയാണ്.
സ്ത്രീ തൊഴിലാളികൾക്ക് നല്ല പങ്കാളിത്തമുണ്ട്. കുറവുകൾ പരിഹരിക്കും. ദേശീയ പാതകളിൽ ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ ടോയിലറ്റ് സൗകര്യം കേരളമാകെ ഒരുക്കും. ഓഖിയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. ഇനിയെന്തെങ്കിലുമുണ്ടെങ്കിൽ അതും പരിഹരിക്കും.
കെ.എസ്. ആർ.ടി.സി ബസ് സ്റ്റാന്റുകളിലെയും, പെട്രോൾ ബങ്കുകളിലെയും ടോയ്ലറ്റുകൾ നന്നാക്കും. പുതിയ ബാറുകൾ അജൻഡയിലില്ല. മദ്യനിരോധനം ടൂറിസം മേഖലയിൽ നഷ്ടമുണ്ടായിതിന്റെ ഗുണം ലങ്കയ്ക്ക് കിട്ടി.അതിന് തുടരില്ല.ചില പുതിയ ബാറുകൾ കോടതി വിധി മാനിച്ചാണ് നൽകിയത്.സാമ്പത്തിക സംവരണം ആർക്കും എതിരല്ല. ദാരിദ്രാവസ്ഥ കണക്കിലെടുത്താണിത് .അറബിക് സർവ്വകലാശാല അജൻഡയിലുണ്ട്..
ശ്രീനാരായണ ഗുരുവിന്റെ മാനവിക ദർശനം വിദ്യാർത്ഥികളെ പഠിപ്പിക്കണം, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ നിന്നുള്ളവരെ മറൈൻ പൊലീസിൽ നിയോഗിക്കണം,എസ്. സി, എസ്. ടി വികസന നിയമം, തീരദേശ രൂപരേഖ, ജില്ലാ വികസന സമിതികളുടെ ശക്തിപ്പെടുത്തൽ, മനുഷ്യാവകാശ സൂചികയിൽ കേരളത്തെ മാതൃകയാക്കൽ, സമത്വ മിഷൻ, പോസ്റ്റ് കോവിഡ് കേരള മിഷൻ, സ്ത്രീകൾക്ക് തുല്യവേതനം, സ്ത്രീ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ, ട്രാൻസ്‌ജെൻഡറുകളുടെ സുരക്ഷയും തൊഴിലും, പരിസ്ഥിതി സുരക്ഷയ്ക്കും സംരക്ഷണത്തിനും ധവളപത്രം, കോവിഡിൽ ദുരിതത്തിലായ കലാകാരൻമാർക്ക് കൈത്താങ്ങ്, എൻ. ജി. ഒകളെ കൂടുതൽ പദ്ധതികളിൽ സഹകരിപ്പിക്കൽ, സിനിമ മേഖലയ്ക്ക് സഹായം, എല്ലാ ജില്ലകളിലും പിങ്ക് ആശുപത്രികൾ, കുടുംബനാഥൻ മരിച്ച വീടുകളിലെ കുട്ടികൾക്ക് പഠന സ്‌കോളർഷിപ്പ്, മെഡിക്കൽ ടൂറിസത്തിനുള്ള പദ്ധതി തുടങ്ങി വിവിധ നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എം. എൽ. എമാരായ സി. ദിവാകരൻ, കെ. ആൻസലൻ, സി. കെ. ഹരീന്ദ്രൻ, വി. കെ. പ്രശാന്ത്, ഐ. ബി. സതീഷ്, ബി. സത്യൻ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി. കെ. രാമചന്ദ്രൻ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, ബ്രോഡ് കാസ്റ്റിംഗ് ഹെഡ് എ.സി. റെജി തുടങ്ങി വിവിധ രാഷ്ട്രീയ, വ്യവസായ, മാധ്യമ, സമൂഹ്യ, സന്നദ്ധ സംഘടനകളിൽ നിന്നായി 125ഓളം പ്രതിനിധികൾ പങ്കെടുത്തു.