
തലസ്ഥാന വികസനത്തിന് പ്രത്യേക വകുപ്പ് വേണമെന്നും കേരള പര്യടനത്തിനിടെ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് എന്നും വിലങ്ങുതടിയായി തുടരുന്ന അടിസ്ഥാന സൗകര്യ വികസനത്തിലെ അപര്യാപ്തത മറികടക്കാൻ സത്വര നടപടികളെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനിടെ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി നിർദ്ദേശിച്ചു.
ജനങ്ങളിൽ പ്രതീക്ഷയുണർത്തുന്ന നടപടികൾ ഇൗ സർക്കാരിൽ നിന്നുണ്ടായെങ്കിലും, കൂടുതൽ കർമ്മപദ്ധതികൾ വരേണ്ടിയിരിക്കുന്നു.നിലവിലെ പദ്ധതികളുടെ നിർമ്മാണ വേഗത കൂട്ടാനും തിരുവനന്തപുരം കഴക്കൂട്ടം മുതൽ കാസർകോട് വരെയുള്ള ദേശീയപാതയുടെ വികസനത്തിനും പ്രധാന പരിഗണന നൽകണം. ഹൈസ്പീഡ് റെയിൽ,ദേശീയ ജലപാത എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി വേണം.
കേരളത്തിന്റെ ഐ.ടി.ഹബ്ബാണ് തിരുവനന്തപുരം, സ്മാർട്ട് സിറ്റിയുൾപ്പെടെ നിരവധി പദ്ധതികളുണ്ടെങ്കിലും വ്യക്തമായ ഏകോപനമില്ലായ്മ മൂലം ഇതൊന്നും പ്രയോജനം ചെയ്യുന്നില്ല. തലസ്ഥാന നഗരത്തിന്റെ വികസനത്തിന് ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ച് ഇൗ പ്രതിസന്ധി മറികടക്കണം.കരിമണൽ പോലുള്ള കേരളത്തിലെ സ്ത്രോതസുകൾ ഉപയോഗിക്കാൻ മാർഗ്ഗരേഖയുണ്ടാവണം. കേരള ബ്രാൻഡുകൾക്ക് അന്താരാഷ്ട്ര പ്രചാരമുണ്ടാക്കാനും സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ, പ്രത്യേകിച്ച് ഐ.ടി.മേഖലയിൽ സൃഷ്ടിക്കാനും കർമ്മപദ്ധതി വേണം. ടെക്നോസിറ്റിയുടെ അടുത്തഘട്ടം വികസനത്തിലെ മുഖ്യ അജൻഡയാവണമെന്നും നിർദ്ദേശിച്ചു.