maranalloor

മലയിൻകീഴ്: മാറനല്ലൂരിൽ കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ ഗർഭിണി ഉൾപ്പടെ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. മൂന്നംഗസംഘമാണ് സംഭവത്തിന് പിന്നിൽ. കണ്ടല കോട്ടേക്കുളത്തിന് സമീപം അനന്തകൃഷ്ണന്റെ വീട്ടിലാണ് സംഘം ആദ്യമെത്തിയത്. വീട്ടിൽക്കടന്ന അക്രമികൾ അനന്തകൃഷ്ണനെ വെട്ടാൻ ശ്രമിച്ചു. ഇക്കഴിഞ്ഞ 16നും ഇതേ പ്രതികൾ അനന്തകൃഷ്ണനെ വയറ്റിൽ കുത്തി പരിക്കേൽപ്പിച്ചിരുന്നു. ബുധനാഴ്ചയാണ് ആശുപത്രിയിൽ നിന്ന് ഇയാൾ വീട്ടിലെത്തിയത്.

അക്രമികളെ കണ്ട് ഭയന്ന അനന്തകൃഷ്ണൻ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതോടെ അക്രമികൾ ആയുധങ്ങളുമായി ഭാര്യാ പിതാവ് വർഗീസിന് നേരെ തിരിഞ്ഞു. ഇദ്ദേഹവും ഓടിരക്ഷപ്പെടുകയായിരുന്നു.

തുടർന്നാണ് 7 മാസം ഗർഭിണിയായ അനന്തകൃഷ്ണന്റെ ഭാര്യ സുമിയെ (30) അക്രമികൾ മർദ്ദിച്ച ശേഷം തള്ളി താഴെയിട്ടത്. സുമിയെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിനുമുന്നിൽ ഉണ്ടായിരുന്ന പിക്കപ്പ് വാനിന്റെ ചില്ലുകൾ അടിച്ചു തകർത്ത ശേഷം

സ്കൂട്ടറിൽ കയറി പോയ സംഘം തൂങ്ങാംപാറ മുതൽ വഴിയിൽ കണ്ടവരെ അസഭ്യ പറയുകയും ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തൂങ്ങാംപാറ ജംഗ്ഷനിലുള്ള ബാർബർ ഷോപ്പിന് സമീപം നിൽക്കുകയായിരുന്ന എസ്.എഫ്.ഐ ഊരൂട്ടമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എരുത്താവൂർ സ്വദേശി മുഹമ്മദ് ഷാഫി, സുഹൃത്ത് മുഹമ്മദ് ആഷിക്ക് എന്നിവരെയും ഇവർ വെട്ടിപ്പരിക്കേൽപ്പിച്ചു. മുഹമ്മദ് ഷാഫിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. മുഹമ്മദ് ആഷിക്കിന്റെ മുഖത്തും കൈയിലുമാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെ അക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടല സ്റ്റേഡിയത്തിന് സമീപം നിയന്ത്രണംവിട്ടു മറിഞ്ഞു. തുടർന്ന് അക്രമികളിലൊരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. വെള്ളയാണി സ്വദേശി അഖിലാണ് പിടിയിലായത്. മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു. തൂങ്ങാംപാറ സ്വദേശി അജീഷ്, കണ്ടല സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന സച്ചു എന്നിവരാണ് രക്ഷപ്പെട്ടത്.

മാറല്ലൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.