
കോവളം: തിരുവല്ലത്ത് അക്രമിസംഘം പൊലീസ് ജീപ്പ് തല്ലിത്തകർത്ത് പ്രതികളെ രക്ഷപ്പെടുത്തി. വണ്ടിത്തടം ശാന്തിപുരം ജംഗ്ഷനു സമീപം പാപ്പാൻ ചാണി റോഡിൽ ഇന്നലെ രാത്രി 7 ഓടെയാണ് സംഭവം. നഗരത്തിൽ അടുത്തിടെ നടന്ന മോഷണം, കഞ്ചാവ് കച്ചവടം എന്നിവയുമായി ബന്ധപ്പെട്ട് സുധിയെന്നയാളെ കഴിഞ്ഞ ദിവസം ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അന്വേഷണത്തിൽ കൂട്ടുപ്രതിയായ ശാന്തിപുരം നന്ദു വണ്ടിത്തടം പാപ്പാൻചാണിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയാണെന്ന് മനസിലായി. തുടർന്നാണ് പൊലീസ്
പാപ്പാൻചാണിയിലെ ശാന്തിപുരത്ത് എത്തിയത്.
പ്രതി താമസിക്കുന്ന വീടിന് 50 മീറ്റർ അടുത്ത് എത്തിയപ്പോഴേക്കും പൊലീസിന് നേർക്ക് ചിലർ കല്ലെറിഞ്ഞു. പൊലീസ് ജീപ്പിനുനേരെ അക്രമികൾ പെട്രോൾ ബോംബും എറിഞ്ഞു. ഈ സമയത്താണ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി രക്ഷപ്പെട്ടത്. പൊലീസ് ജീപ്പിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
സമീപത്തെ വീടുകളിൽ അഭയം തേടിയ ഉദ്യോഗസ്ഥരെ കൂടുതൽ പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയത്.
ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി തിരുവല്ലം പൊലീസ് അറിയിച്ചു.