amal

തൃപ്പൂണിത്തുറ: വ്യാജ കൈവശാവകാശ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ യുവാവിനെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റുചെയ്തു. മരടിൽ കൺസൾട്ടൻസി നടത്തുന്ന എരൂർ ശ്രീപത്മത്തിൽ അമലിനെയാണ് (29) ഹിൽപാലസ് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം എരൂർ ഭാഗത്തുള്ള ഒരു വീടിന്റെ ഉടമ കൈവശാവകാശ സർട്ടിഫിക്കറ്റിനായി കൺസൾട്ടൻസി നടത്തുന്ന അമലിനെ സമീപിച്ചിരുന്നു. തുടർന്ന് ഇയാൾ നൽകിയ സർട്ടിഫിക്കറ്റ് ഉടമ മറ്റൊരാവശ്യത്തിനായി തൃപ്പൂണിത്തുറ നഗരസഭാ ഓഫീസിൽ നൽകി. ഉദ്യോഗസ്ഥർക്ക് ഇത് വ്യാജമാണെന്നു തോന്നിയതിനെത്തുടർന്ന് തൃപ്പൂണിത്തുറ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിലാണ് വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പ്രതിയുടെ മരടിലുള്ള ഓഫീസിൽ നടന്ന റെയ്ഡിൽ തൃപ്പൂണിത്തുറ നഗരസഭ എ.ഇയുടെ വ്യാജസീലും കണ്ടെടുത്തു. അസിസ്റ്റന്റ് കമ്മിഷണർ ജിജിമോൻ, ഹിൽപാലസ് ഇൻസ്പെക്ടർ കെ.ജി. അനീഷ്, എസ്.ഐമാരായ രാമു ബാലചന്ദ്ര ബോസ്, കെ.കെ. അനില, എ.എസ്.ഐ സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.