sachy

ഒരു സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിലുമപ്പുറം പൃഥ്വിരാജിനു ഒരു ആത്മമിത്രമായിരുന്നു സച്ചി. വർഷങ്ങളായുള്ള സുഹൃദ്‌ബന്ധം ഇരുവരേയും മാനസികമായി ഏറെ അടുപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ സച്ചിയുടെ വിയോഗം പൃഥ്വിരാജിനെ സംബന്ധിച്ച് ഇപ്പോഴും തീരാവേദനയാണ്. ഇന്ന് ക്രിസ്തുമസ് നാളിൽ തന്നെയാണ് സച്ചിയുടെ ജന്മദിനവും. പ്രിയ കൂട്ടുകാരന്റെ ജന്മദിനത്തിൽ, സച്ചി ബാക്കി വച്ചുപോയൊരു വലിയ സ്വപ്നം സാക്ഷാത്കരിക്കുകയാണ് പൃഥ്വി. സച്ചിയുടെ പേരിൽ ഒരു ബാനറാണ് പൃഥ്വി ആരംഭിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പൃഥ്വി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. “നമസ്ക്കാരം എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ. ഡിസംബർ 25 എന്നെ സംബന്ധിച്ച് ‌ മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല. അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനും, ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനർ അനൗൺസ്‌മെന്റ് നടത്തുകയാണ് സച്ചി ക്രിയേഷൻസ് (Sachy Creations). ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.” പൃഥ്വി പറയുന്നു. സച്ചിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് മുൻപൊരിക്കൽ പൃഥ്വി പങ്കിട്ട കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. സച്ചിയുടെ സംസ്‌കാര ചടങ്ങുകൾക്കു പിന്നാലെയാണ് കരളലിയിക്കുന്ന കുറിപ്പുമായി പൃഥ്വിരാജ് രംഗത്തെത്തിയത്. ഇരുവരും തമ്മിൽ എത്രത്തോളം ആത്മബന്ധമുണ്ടെന്ന് പൃഥ്വിയുടെ വരികളിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കും. കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി എന്ന കെ ആർ സച്ചിദാനന്ദൻ തിരക്കഥാകൃത്തായാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. കോളേജ് കാലത്ത് തന്നെ നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സച്ചി കലാലയജീവിതത്തിനിടെ നിരവധി നാടകങ്ങളും സംവിധാനം ചെയ്തിരുന്നു. എറണാകുളം ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടിയ സച്ചി എട്ട് വർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകന്‍ ആയി പ്രാക്റ്റീസ് ചെയ്തിരുന്നു. അതിനു ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ആദ്യകാലത്ത് സേതുവിനൊപ്പം ചേർന്ന് സച്ചി - സേതു എന്ന പേരിലായിരുന്നു തിരക്കഥകൾ എഴുതിയിരുന്നത്. കവി , തിയേറ്റർ ആർട്ടിസ്റ്റ് , ചലച്ചിത്ര സഹ നിർമ്മാതാവ് എന്നീ നിലകളിലും സച്ചി പ്രവർത്തിച്ചിട്ടുണ്ട്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ ഭരണ സമിതി അംഗമാണ്.