inc

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തെ ചൊല്ലി യു.ഡി.എഫിൽ തിരക്കിട്ട ചർച്ചകൾ സജീവം. 27ന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ തീരുമാനമാകും. 28നാണ് മേയർ തിരഞ്ഞെടുപ്പ്. കെ.പി.സി.സി അംഗം മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ അഡ്വ. ടി.ഒ. മോഹനനും മുൻ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷുമാണ് അവസാന റൗണ്ടിലെത്തി നിൽക്കുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്ജും പരിഗണനയിലുണ്ട്.

ടി.ഒ. മോഹനനാണ് മുൻതൂക്കം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മേയർ സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെ ജാഗ്രതയോടെയാണ് കണ്ണൂർ കോർപ്പറേഷനിൽ യു.ഡി.എഫ് കരുനീക്കം നടത്തിയത്. നേരത്തെ മേയറെ പ്രഖ്യാപിച്ചാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ ദുരനുഭവം ആവർത്തിച്ചേക്കുമെന്ന ആശങ്കയും യു.ഡി.എഫിനുണ്ടായിരുന്നു. എൽ.ഡി.എഫ് പക്ഷത്ത് നിലയുറപ്പിച്ച രാഗേഷിന്റെ പിന്തുണയിലായിരുന്നു മൂന്നര വർഷം എൽ.ഡി.എഫ് കോർപ്പറേഷൻ ഭരിച്ചിരുന്നത്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ ഇടപെടലിനെ തുടർന്ന് രാഗേഷിനെ കോൺഗ്രസിലേക്ക് തിരിച്ചുകൊണ്ടു വന്നാണ് യു.ഡി.എഫ് കോർപ്പറേഷൻ ഭരണം തിരിച്ചുപിടിച്ചത്. രാഗേഷ് നിരുപാധികമാണ് പാർട്ടിയിലേക്ക് തിരിച്ചുവന്നത് എന്നതുകൊണ്ടുതന്നെ രാഗേഷിനെ മേയർ സ്ഥാനാർത്ഥിയാക്കാൻ പരിഗണിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല.

രാഗേഷിന് നിലവിൽ വലിയ പാർട്ടി പദവികളൊന്നും നൽകിയിട്ടുമില്ല. കോർപ്പറേഷൻ ഭരണ അനുഭവ സമ്പത്ത് നോക്കുമ്പോൾ രാഗേഷിനെയും ടി.ഒ. മോഹനനും തുല്യ അംഗീകാരമാണ് ലഭിക്കുക. കെ.പി.സി.സി ജനറൽ സെക്രട്ടറിയെന്ന നിലയിൽ മാർട്ടിൻ ജോർജിനെയും തള്ളിക്കളനായാവില്ല. മേയർ തർക്കം രൂക്ഷമായാൽ യു.ഡി. എഫ് കൗൺസിലർമാരുടെ നിലപാട് നിർണായകമാകും.