swami-visudhananda

തിരുവനന്തപുരം: നല്ലൊരു സംസ്കാരത്തെ തിരിച്ചുകൊണ്ടുവരാനും അനാവശ്യമായി ചെയ്തുകൊണ്ടിരുന്ന ദുസംസ്കാരത്തെ മാറ്റിനിറുത്താനും കൊവിഡ് പഠിപ്പിച്ചു തന്ന പാഠം തിരിച്ചറിയണമെന്ന് ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.

88 ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള ആഗോള ഓൺലൈൻ സമ്മേളനത്തിന് തുടക്കം കുറിച്ച് ശിവഗിരി ടി.വിയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹജീവികളോട് കാരുണ്യം കാട്ടാൻ ചിന്തയും വാക്കും പ്രവൃത്തിയും രൂപപ്പെടുത്തണം. അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിക്കുന്ന തമ്പുരാനെ മറന്നുകൂട. ശുദ്ധമായ ഭക്ഷണം കഴിക്കാനും ശുദ്ധമായ വെള്ളം കുടിക്കാനും കുളിക്കാനും വസ്ത്രം ശുദ്ധമാക്കാനും ഗൃഹം വൃത്തിയായി സൂക്ഷിക്കാനും കൊറോണ മനുഷ്യനെ പഠിപ്പിച്ചു കഴിഞ്ഞു.

ഈ ലോകത്തെ അശുദ്ധമാക്കുന്നതൊന്നും ചെയ്യാൻ പാടില്ല എന്നതാണ് ഗുരു കല്പന. മനുഷ്യന്റെ വളർച്ചയ്ക്ക് ആവശ്യം വിദ്യാഭ്യാസമാണെന്നാണ് ഗുരു പറഞ്ഞത്. അറിവില്ലെങ്കിൽ അരുതാത്തതൊക്കെ ചെയ്തുപോകും. നല്ല സംസ്കാരം വളർത്താൻ വിദ്യാഭ്യാസം ആവശ്യമാണ്. നല്ല വിദ്യാഭ്യാസം ഉണ്ടാകുമ്പോൾ അറിവിന്റെ പാരമ്യതയിൽ കരുണ, സാഹോദര്യം ഇതൊക്കെ വളർന്നുവരും. നല്ല അറിവുള്ളവനെ യഥാർത്ഥ വിശ്വാസിയാകാൻ കഴിയൂ. നല്ല അറിവുള്ളവനെ ആരോഗ്യം കാത്ത് സൂക്ഷിക്കാനാകൂ. അന്തർലീനമായിരിക്കുന്ന വാസനകളെ വളർത്തിയെടുക്കണമെങ്കിൽ നല്ല ശിക്ഷണം കിട്ടണം. തീർത്ഥാടനത്തിലൂടെ ലക്ഷ്യമിടുന്നതും അതാണ്''- സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.