
ആറ്റിങ്ങൽ: ചിറയിൻകീഴിലെ കിഴുവിലം ചെറുവള്ളിമുക്കിന് സമീപത്തെ മേലേക്കോണം കുളം അധികൃതരുടെ അവഗണനയാൽ കാടുകയറി. ആറ്റിങ്ങൽ നഗരസഭയുടെയും കിഴുവിലം പഞ്ചായത്തിന്റെയും അതിർത്തിയിലാണ് മേലേക്കോണം കുളം. നാട്ടുകാരുടെ നിരന്തര പരാതി കാരണം 2017ൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് കുളം വൃത്തിയാക്കിയിരുന്നു. ആറു ദിവസമാണ് പണി നടന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനായി 1,55,300 രൂപ ചെലവാക്കിയതായും കുളത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഫലകത്തിൽ എഴുതിയിട്ടുണ്ട്. എന്നാൽ ഇത്രയും രൂപ മുടക്കിയതിന്റെ യാതൊരു ലക്ഷണവും ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ശുചീകരിച്ചശേഷം കുറച്ചുകാലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മീൻ വളർത്തൽ ആരംഭിച്ചിരുന്നു. ഇപ്പോൾ കുളത്തിനു ചുറ്റും കാടുകയറി ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ്. സമീപത്തെ ഗവ. എസ്.വി യു.പി.എസിലേക്ക് പോകുന്ന കുട്ടികളിൽ ഭൂരിഭാഗവും സഞ്ചരിക്കുന്നത് ഈ കുളത്തിനു സമീപത്തെ ചെറിയ തടം വഴിയാണ്. ഈ ഭാഗത്ത് കൈവരി ഇല്ലാത്തതിനാൽ ഇതുവഴി വിടാൻ രക്ഷിതാക്കൾക്ക് ഭയമാണ്. കുട്ടികൾ പോകുമ്പോൾ അപകടം സംഭവിക്കാതിരിക്കാൻ നാട്ടുകാർ കാവൽ നിൽക്കുന്നതും പതിവാണ്. മഴക്കാലത്ത് സമീപത്തെ മലിനജലം കുളത്തിലേക്ക് ഒഴുകി എത്തുന്നതിനാൽ വെള്ളം മലിനമാകുന്ന സ്ഥിതിയാണ്. കുളത്തിന്റെ മതിലുകൾ കാലപ്പഴക്കത്താൽ തകർന്നതിനാൽ മലിനജലവും ഒഴുകിയെത്തുന്നുണ്ട്. ഇതോടെ ത്വക്ക് രോഗഭീതിയാൽ ആളുകൾ കുളത്തിലിറങ്ങുന്നതും ഒഴിവാക്കിയിരിക്കുകയാണ്.
അവസാനം നവീകരിച്ചത് 2017ൽ
മാലിന്യം നിറഞ്ഞ് കാടുമൂടി
കൽപ്പടവുകളും മതിലും തകർന്നു
മലിനജലം എത്തുന്നു
അനുഗ്രഹമായി കുളം
ഒരു പ്രദേശത്തെയാകെ വരൾച്ചയിൽ നിന്നും രക്ഷിക്കുന്നത് ഈ കുളമാണ്. കിലോമീറ്റർ ദുരത്തിൽ പോലും കിണറുകൾ വറ്റാതിരിക്കുന്നത് ഈ ജലസ്രോതസുള്ളതു കൊണ്ടാണെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ കുളം മലിനമായതോടെ സമീപത്തെ കിണറുകളിലെ ജലവും മലിനമാവുകയാണ്. ആറ് ഏക്കറിൽ പരന്നുകിടക്കുന്ന ഈ കുളം ശുചീകരിച്ച് ശരിയായ രീതിയിൽ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച് താലൂക്കിലെ നീന്തൽ പരിശീലന കേന്ദ്രമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.