adv-rajaraman-nair

- എന്റെ ഉറ്റ സുഹൃത്തായിരുന്ന രാജൻ (പാച്ചല്ലൂർ രാജാരാമൻ നായർ) ദിവംഗതനായിട്ട് ഒരു വർഷം തികഞ്ഞത് ഇന്നലെയായിരുന്നു (26).
ഞാൻ ജനിച്ചു വളർന്ന മുട്ടയ്ക്കാടും രാജന്റെ പാച്ചല്ലൂർ എന്ന സ്ഥലത്തെ വീടും തമ്മിൽ അകലം നാലുകിലോമീറ്ററാണെങ്കിലും 1967ൽ എന്റെ ഒരു വർഷം ജൂനിയറായി തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ രാജൻ പഠിക്കാനെത്തിയപ്പോൾ മാത്രമാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നത്. നിയമ ബിരുദം ലഭിച്ചയുടൻ രാജൻ ഒരാവശ്യമുന്നയിച്ചു. എന്റെ സീനിയറായ കെ.എസ്. രാജാമണി സ്വാമിയുടെ ഓഫീസിൽ പ്രാക്ടീസിന് അവസരമൊരുക്കാൻ സ്വാമിയോട് ശുപാർശ ചെയ്യണം. ആ ചുമതല ഞാൻ സസന്തോഷം നിർവഹിച്ചു. സ്വാമി രാജനെ ജൂനിയറായി സ്വീകരിച്ചു. ഒരേ ഓഫീസിൽ പ്രവർത്തിച്ചു തുടങ്ങിയതോടെ ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തു.

കണ്ടു മുട്ടുന്ന ഏതു വ്യക്തിയുമായും ആയുഷ്‌ക്കാല ബന്ധം സ്ഥാപിക്കാൻ രാജാരാമന് കഴിഞ്ഞിരുന്നു. ഇവരിൽ രാഷ്ട്രീയ നേതാക്കൾ, കലാകാരന്മാർ, ഹിന്ദി, തമിഴ്, മലയാളം, ഹിന്ദി സിനിമാ രംഗങ്ങളിലെ പ്രമുഖ താരങ്ങൾ, ജഡ്ജിമാർ, പൊലീസുദ്യോഗസ്ഥർ എന്നിവരൊക്കെ ഉൾപ്പെട്ടിരുന്നു. സൈഗാൾ, മുഹമ്മദ് റാഫി, മുകേശ്, കിശോർ കുമാർ എന്നിവരുടെ പല പ്രശസ്ത ഹിന്ദി ചലച്ചിത്ര ഗാനങ്ങളും പാടാനും ചിലത് മൌത്ത് ഓർഗനിൽ വായിക്കാനും രാജന് കഴിയുമായിരുന്നു. വലിയ കേസുകെട്ടിനകത്തുള്ള രേഖകളിലെ തെളിവു സംബന്ധിച്ച അക്കവും (എക്സിബിറ്റ് നമ്പർ) ബന്ധപ്പെട്ട തീയതികളും ഉള്ളടക്കവും കെട്ട് തുറക്കാതെ ഓർത്തു പറയാനുള്ള രാജന്റെ കഴിവ് പല ന്യായാധിപന്മാരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂരിൽ പൊലീസ് അക്കാഡമി തുടങ്ങുന്നതു വരെ തിരുവനന്തപുരത്തെ പോലീസ് ട്രെയിനിംഗ് കോളേജിൽ രാജൻ നിയമം പഠിപ്പിച്ചിരുന്നതിനാൽ അവിടെ നിന്നും ട്രെയിനിംഗ് നേടിയ മിക്ക പൊലീസുദ്യോഗസ്ഥർക്കും രാജൻ ഗുരുസ്ഥാനീയനായി.

. 1986ൽ ഇളയ സഹോദരനായ ജയറാമിന്റെ (ബി.വിജയരാമൻ നായർ) അകാല ചരമം രാജന്റെ ജീവിതത്തെ പിടിച്ചുലച്ചു. അതിന്റെ ആഘാതത്തിൽ നിന്ന് മോചിതനായി വരവേ, 1995ൽ ഏക മകളുടെ മരണവുമായതോടെ രാജന്റെ ജീവിതമാകെ ഉലഞ്ഞുപോയി. പിന്നീടൊരിക്കലും രാജനെ സന്തുഷ്ടനായി കണ്ടിട്ടില്ല. കാലക്രമേണ സാമ്പത്തിക പ്രശ്നങ്ങളും വന്നെത്തി. സഹായിച്ചവരെയെല്ലാം നന്ദിയോടെ സ്മരിച്ചിരുന്ന രാജാരാമൻ, തന്നെ സമീപിക്കുന്നവരുടെയും ഏതാഗ്രഹവും സ്വന്തം നഷ്ടം നോക്കാതെ സാധിച്ചുകൊടുത്തു. കള്ളനാണയങ്ങളെ തിരിച്ചറിയാനാവാതെ പോയതിനാലുണ്ടായ സാമ്പത്തികചോർച്ചയും ചെറുതായിരുന്നില്ല.
അന്തരിച്ച മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ ഏറ്റവുമടുത്ത വിശ്വസ്തനായിരുന്നു. അതിരാവിലെ പത്മനാഭ സ്വാമി ക്ഷേത്രവും പഴവങ്ങാടി ഗണപതി ക്ഷേത്രവുമടക്കമുള്ള ദേവാലയങ്ങളിൽ നിന്നുള്ള വഴിപാട് പ്രസാദവുമായി മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ കാണാൻ ക്ലിഫ്ഹൗസിലെത്തുമായിരുന്നു. അത് കഴിച്ച്, രാജാരാമനുമൊത്ത് പ്രാതൽ എന്നതായിരുന്നു കരുണാകരന്റെ ദിനചര്യ.
ഒരിക്കൽപോലും കരുണാകരനുമായുള്ള അടുപ്പവും സ്വാതന്ത്ര്യവും രാജാരാമൻ മുതലെടുത്തില്ല. രാഷ്ട്രീയാനുകൂല്യമായി രാജന് ലഭിച്ച ഏക പാരിതോഷികം കേരള സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് അംഗത്വമായിരുന്നു. പരീക്ഷാ ക്രമക്കേടുകൾക്ക് വിവിധ തരം ശിക്ഷകൾക്ക് വിധേയരായവർ നൽകുന്ന അപ്പീലുകളിൽ തീർപ്പാക്കുകയായിരുന്നു രാജന്റെ ദൗത്യം.
അഭിഭാഷകനെന്ന നിലയിലും അല്ലാതെയും രാജന്റെ സഹായ ഹസ്തം ലഭിച്ചവർ നിരവധിയാണ്. എന്നാൽ അദ്ദേഹം ശയ്യാവലംബിയായിരിക്കെ, സമാശ്വസിപ്പിക്കാനെത്തിയത് അവരിൽ ചിലർ മാത്രമായിരുന്നു. പിന്തിരിഞ്ഞു നിന്നവരായിരുന്നു ഏറെ.. നന്മയുടെ മൂർത്തിമദ്ഭാവമായിരുന്ന, ഉപദ്രവിച്ചവരെ പോലും വെറുക്കാനറിയാത്ത രാജാരാമൻനായരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുമെന്നെനിക്കുറപ്പാണ്.

(ലേഖകൻ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള സംസ്ഥാന കമ്മിഷൻ ചെയർമാനാണ്)