
ശിവഗിരി: ജില്ലാകളക്ടറുടെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇത്തവണ 88-ാമത് ശിവഗിരി തീർത്ഥാടനം സംഘടിപ്പിച്ചിട്ടുളളത്. മുൻകൂട്ടി ബുക്കുചെയ്യുന്നതനുസരിച്ച് ദിവസവും പരമാവധി ആയിരം പേർക്കാണ് ദർശനാനുമതി. ശിവഗിരിമഠം ഓഫീസുമായും പി.ആർ.ഒയുമായും ബന്ധപ്പെട്ട് ബുക്ക് ചെയ്ത് വേണം വരാൻ. സർക്കാർ നിർദ്ദേശപ്രകാരം മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവ ക്രിത്യമായി ഉപയോഗിക്കുവാനും സാമൂഹിക അകലം പാലിക്കുവാനും തീർത്ഥാടകർ ശ്രദ്ധിക്കേണ്ടതാണ്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് തീർത്ഥാടകർക്ക് ശിവഗിരിയിൽ അനുവദിച്ചിട്ടുളള സമയം. ഈ സമയത്തല്ലാതെ ദർശനത്തിനും പുതുവത്സരപൂജയ്ക്കും ആരെയും അനുവദിക്കില്ല. ഈ സാഹചര്യത്തിൽ അന്നദാനവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതല്ലെന്നും സന്ദർഭത്തിന്റെ ഗൗരവം കണക്കിലെടുത്ത് തീർത്ഥാടകർ സഹകരിക്കണമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അഭ്യർത്ഥിച്ചു.