1

നെയ്യാറ്റിൻകര: അമരവിള ഒറ്റശേഖരംമംഗലം റോഡ് പണി സ്തംഭനാവസ്ഥയിൽ. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര ദുഷ്കരമെന്ന് യാത്രക്കാർ. 11 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് റോഡ് പണി നടത്തിയെങ്കിലും പൂർണമായും പണി ചെയ്തു തീർ‌ക്കാത്തതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. രണ്ടു ഘട്ട ടാറിംഗ് നിശ്ചയിച്ചിരുന്നെങ്കിലും ഒന്നാംഘട്ട ടാറിംഗ് മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പെരുങ്കടവിള ആശുപത്രി ജംഗ്ഷൻ, പൂവങ്കാല ജംഗ്ഷൻ എന്നിവിടങ്ങളിൽ ഒന്നാംഘട്ടം ടാറിംഗ് പോലും നടന്നിട്ടില്ല. ഹൈടെക്ക് റോഡ് നിർ‌മ്മാണത്തിന്റെ ഭാഗമായി അമരവിള ജംഗ്ഷൻ, പറക്കോട്ടുകോണം, മാരായമുട്ടം, മാരായമുട്ടം ചിറ്റാറ്റിൻകര, അയിരൂർ ഗണപതികോവിൽ, കീഴാറൂർ എന്നീവിടങ്ങളിൽ വളവുകൾ നികത്തുമെന്ന് പറഞ്ഞെങ്കിലും അതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കൽ പോലും ഇനിയും നടന്നിട്ടില്ല.

വളവു നിവർത്താത്തതിനാൽ അമിതവേഗത്തിൽ വരുന്ന ഇരുചക്രവാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നത് ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ടെങ്കിലും തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടിട്ടുള്ളത്. ഇപ്പോഴും ഇരുചക്രവാഹനങ്ങൾ ചീറിപായുന്നതിനാൽ ഭയത്തോടെയാണ് ഇതുവഴി കാൽനടയാത്രക്കാർ യാത്ര ചെയ്യുന്നത്.
വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള മുന്നറിയിപ്പ് ബോർഡുകളും ഇവിടങ്ങളിൽ സ്ഥാപിച്ചിട്ടില്ല.

റോഡിലെ മണ്ണ് ഇളകി കിടക്കുന്നതിനാൽ വാഹനങ്ങൾ പോകുമ്പോൾ പൊടിശല്യവും രൂക്ഷമാണ്. ഇത് പ്രദേശത്തെ താമസക്കാരെയും ബുദ്ധിമുട്ടിപ്പിക്കുന്നുണ്ട്.

റോഡ് നിർമ്മാണത്തിന് അനുവദിച്ചത് - 11 കോടി

നടന്നത് - ഒന്നാം ഘട്ട ടാറിംഗ് മാത്രം

അമിത വേഗത; മുന്നറിയിപ്പ് ബോർഡുകളും ഇല്ല

പ്രദേശത്ത് പൊടിശല്യവും രൂക്ഷം

മഴവെള്ളം കുത്തിയൊലിക്കുന്നു

മാരായമുട്ടം പൂവങ്കാല പറക്കോട്ടുകോണം റോഡ് പൊട്ടിപ്പൊളിഞ്ഞതുകാരണം കാൽനടയാത്രയ്ക്കുപോലും കഴിയാതെ ജനം ബുദ്ധിമുട്ടുകയാണ്. ഇരുവശങ്ങളിലും ഓട ഇല്ലാത്തതുകൊണ്ടാണ് മഴവെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നതിന് കാരണം.

കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി റോഡ് ഇത്തരത്തിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.

റോഡുപണിയിലെ അനാസ്ഥ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം

അമ്പലത്തറ ഗോപകുമാർ ,

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

കരാറുകാരൻ രോഗബാധിതനായതിനെ തുടർന്നാണ് പണി നിറുത്തി വയ്ക്കേണ്ടി വന്നത്. ഒരുമാസത്തിനകം പണി പൂർത്തിയാക്കും.

സി.കെ.ഹരീന്ദ്രൻ,

പാറശാല എം.എൽ.എ