sivagiri

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ചൈതന്യത്തിലും മഹദ് ദർശനത്തിലും ആകൃഷ്ടരായി ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായി ശിവഗിരി മാറിയെന്ന് യോഗാചാര്യനും ഇഷ ഫൗണ്ടേഷൻ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗിവാസുദേവ് പറഞ്ഞു. 88ാമത് ശിവഗിരി തീർത്ഥാടന സമ്മേളനത്തിന്റെ ഒന്നാം ദിനത്തിൽ 'മാനവദർശനത്തിലെ ആത്മീയത" എന്ന വിഷയത്തിൽ ഓൺലൈനായി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുവിന് പ്രണാമങ്ങളർപ്പിച്ചു കൊണ്ടാണ് സദ്ഗുരു പ്രഭാഷണം തുടങ്ങിയത്. മനുഷ്യനിൽ എല്ലാവിധ മാറ്റങ്ങൾ വരുത്താനും ഭക്തിക്ക് കഴിയുമെന്ന് സദ്ഗുരു പറഞ്ഞു. മരങ്ങൾ നമുക്ക് ഉച്ഛ്വാസവായു തരുന്നു. അതെത്ര എടുക്കണമെന്ന് നമ്മളാണ് തീരുമാനിക്കുന്നത്. അതുപോലെ ഭക്തിയെ ഉൾക്കൊള്ളുന്നതാണ് പ്രധാനം. ജീവിതത്തെ പൂർണമായും തുറന്ന വാതിലോടെ സമീപിക്കുന്ന ആളാണ് യഥാർത്ഥ ഭക്തൻ.

ഭയഭക്തി എന്നു നമ്മൾ പറയാറുണ്ട്. പരസ്പര വിരുദ്ധമായതിനെയാണ് പലരും ഒന്നായി കാണുന്നത്. നിങ്ങൾക്ക് ഭയമുണ്ടെങ്കിൽ ഭക്തിയില്ലെന്നാണ് കരുതേണ്ടത്. അമ്പലത്തിൽ പോകുന്നതു പോലെയോ പൂജ ചെയ്യുന്നത് പോലെയോ ഉള്ള ഒരു പ്രക്രിയ അല്ല ഭക്തി. ഇവിടെയുള്ളതെല്ലാം നമ്മുടെ ധാരണയ്ക്കപ്പുറത്താണ്. മുന്നിലുള്ള എല്ലാത്തിനെയും കൂപ്പുകൈകളോടെ കാണുന്നതാണ് ആത്മീയത. നമ്മുടെ സാധാരണ ബുദ്ധികൊണ്ട് നമുക്ക് ലോകത്തെ മനസിലാവില്ല. പരിധികളെക്കുറിച്ചു മനസിലാക്കുമ്പോഴാണ് ഒരാൾ ഭക്തനാവുന്നത്.

16 കാരനായ വയലിൻ പഠിക്കുന്ന വിദ്യാർത്ഥിയുടെ കാര്യം അദ്ദേഹം ഉദാഹരണമായി പറഞ്ഞു. വയലിനിസ്റ്രായ അച്ഛനോടൊപ്പം ആ കുട്ടി എത്തുകയാണ്. അത് നേടിയത് വെറും പരിശീലനം കൊണ്ടുമാത്രല്ല. അച്ഛനുള്ള സമർപ്പണം കൂടിയാണ്. ഭക്തിയെന്നാൽ നിങ്ങളെത്തന്നെ മറന്ന് നിങ്ങൾ ചെയ്യുന്നതിൽ മുഴുകലാണ്. അല്ലാതെ നിത്യേന പൂജ ചെയ്യൽ മാത്രമല്ല.

ഏത് സാഹചര്യത്തിലായാലും ആരുണ്ടായാലും ആരുമില്ലെങ്കിലും ചെയ്യേണ്ടത് ചെയ്യുന്നതാണ് ഭക്തി. ഞാൻ എന്ന ഭാവം ഇല്ലാതാവുന്നതോടെ ഭക്തി ഉണ്ടാവുന്നു. നമ്മിലെ അഹം ഇല്ലാതാവുമ്പോൾ നാം ഭക്തരാവുകയാണെന്നും സദ്ഗുരു പറഞ്ഞു.