
തിരുവനന്തപുരം: മലയിൻകീഴ് പട്ടികജാതി സംവരണ ഡിവിഷനിൽ നിന്നു വിജയിച്ച അഡ്വ.ഡി.സുരേഷ്‌കുമാറിനെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പ്രഖ്യാപനം ഇന്നുണ്ടായേക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കിളിമാനൂർ ഡിവിഷനിൽ മത്സരിച്ച പട്ടികജാതി ക്ഷേമ സമിതി ജില്ലാ പ്രസിഡന്റ് സുനിൽകുമാർ പരാജയപ്പെട്ടതോടെയാണ് സുരേഷ്‌കുമാറിന് നറുക്ക് വീണത്. പട്ടികജാതി വിഭാഗത്തിൽ നിന്നു രണ്ടുപേർ കൂടി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും പാർലമെന്ററി രംഗത്തെ പരിചയമാണ് സുരേഷ്‌കുമാറിന് തുണയായത്. സംഘടനാ രംഗത്തും സജീവമാണ്. 2005-10ൽ ബാലരാമപുരം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു റസൽപുരം പാറക്കുഴി സ്വദേശി സുരേഷ്‌കുമാർ. നേമം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിരുന്നു. കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, ലാ അക്കാഡമി എന്നിവിടങ്ങളിലായിരുന്നു പഠനം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, സി.പി.എം ബാലരാമപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം നേമം ഏരിയാകമ്മിറ്റി അംഗമാണ്. നെയ്യാറ്റിൻകര, കാട്ടാക്കട, വഞ്ചിയൂർ കോടതികളിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. രജനി എസ്.ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് 96 ദിവസം ജയിൽവാസമനുഭവിച്ചിട്ടുണ്ട്. ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി ഗ്രീഷ്മയാണ് ഭാര്യ. നാലാം ക്‌ളാസ് വിദ്യാർത്ഥി അദ്വൈത് ജി.സുരേഷ്, രണ്ടാം ക്‌ളാസ് വിദ്യാർത്ഥി അനിരുദ്ധ് ജി.സുരേഷ് എന്നിവരാണ് മക്കൾ.