
ഇരുപത്തൊന്നു വയസു മാത്രം പ്രായമുള്ള ആര്യ രാജേന്ദ്രൻ എന്ന ബിരുദ വിദ്യാർത്ഥിനി തിരുവനന്തപുരം നഗരസഭയുടെ മേയറാകാൻ പോകുന്നു. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും മുടവൻമുകൾ വാർഡിൽ നിന്ന് ജയിച്ച് നഗരസഭയിലെത്തിയ ഈ മിടുക്കി. നന്നേ ചെറുപ്രായത്തിൽ തലസ്ഥാന നഗരിയുടെ മേയർ പദവി അലങ്കരിക്കാൻ നിയുക്തയായ ആര്യയെ ഞങ്ങൾ ആദ്യമേ ഹൃദയംഗമമായി അഭിനന്ദിക്കട്ടെ. ആരും കൊതിക്കുന്ന ഈ വലിയ പദവി ഏറ്റെടുക്കാനും യുവത്വത്തിന് ആകമാനം അഭിമാനം പകരുമാറ് ആ സ്ഥാനത്ത് പ്രശോഭിക്കാനും ആര്യയ്ക്ക് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു.
സംസ്ഥാനം ഇന്നോളം കണ്ടിട്ടില്ലാത്ത വാശിയും വീറും നിറഞ്ഞതായിരുന്നു ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ്. മുൻകാലങ്ങളെക്കാൾ യുവനിരയ്ക്ക് ഏറ്റവും കൂടുതൽ പ്രാതിനിദ്ധ്യം ലഭിച്ച തിരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്. എല്ലാ പാർട്ടികളിലും പെട്ട യുവാക്കളും യുവതികളും നഗരസഭകളിലും പഞ്ചായത്തുകളിലും ജയിച്ചുവന്നിട്ടുണ്ട്. രാജ്യത്തിന്റെ ഭാവി യുവജനങ്ങളിലാണെന്നു വെറുതേ പറയുന്നതല്ല. അതു പ്രയോഗത്തിൽ നടപ്പിലാകുമ്പോഴാണ് ഭാവിയെക്കുറിച്ച് പ്രതീക്ഷകളും സ്വപ്നങ്ങളും പൂത്തുലയുന്നത്.
ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയറായി നിയോഗിക്കാനുള്ള സി.പി.എം നേതൃ തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്നു പറയാം. പ്രായവും പക്വതയും ഔദ്യോഗിക പരിചയവുമൊക്കെ ഏറെയുള്ള ജമീല ശ്രീധരന്റെ പേരാണ് ശനിയാഴ്ച വരെ മേയർ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നത്. എന്നാൽ ധീരമായ ഒരു പരീക്ഷണമെന്ന നിലയിൽ ആര്യ രാജേന്ദ്രനാണ് അവസാനം നറുക്കു വീണത്. അതാകട്ടെ തലസ്ഥാന നഗരസഭയ്ക്കു വളരെയധികം ചന്തം ചാർത്തുന്ന തീരുമാനവുമായി. ഈ ഇളംപ്രായത്തിൽ ഇത്ര വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആര്യയ്ക്കാകുമോ എന്നു സന്ദേഹിക്കുന്നവരുണ്ടാകാം. എന്നാൽ അത്തരം സന്ദേഹങ്ങൾക്കൊന്നും ഒരു അടിസ്ഥാനവുമില്ലെന്നു അടിവരയിട്ടു കാണിക്കുന്നതാണ് യുവത്വത്തിന്റെ തന്റേടവും നിശ്ചയദാർഢ്യവും പ്രകടമാകുന്ന ഈ യുവതിയുടെ വാക്കുകൾ. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിലും ബാലസംഘം പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചുള്ള സംഘടനാ പരിചയവും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചുള്ള വിലയേറിയ അനുഭവങ്ങളും പുതിയ കർമ്മമണ്ഡലത്തിൽ ആര്യയ്ക്ക് തുണയാകുമെന്നു തീർച്ച. കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവും കഠിനമായി പ്രവർത്തിക്കാൻ സന്നദ്ധമായ മനസുമുണ്ടെങ്കിൽ ഏതു വലിയ ഉത്തരവാദിത്വവും ധീരതയോടെ ഏറ്റെടുക്കാനാവും. കുറഞ്ഞ കാലം കൊണ്ട് തന്നെ വ്യക്തിമുദ്ര പതിപ്പിക്കാനും കഴിയും. ലോകത്ത് എവിടെയും കാണാം അതിന്റെ തിളക്കമാർന്ന ഉദാഹരണങ്ങൾ. മേയർ പദം ഏറ്റെടുക്കാൻ പോകുന്ന ആര്യ രാജേന്ദ്രനും തന്റെ ചുമതല നിർവഹണത്തിൽ തികച്ചും നൂതനമായ പാത വെട്ടിത്തെളിക്കുമെന്നു പ്രതീക്ഷിക്കാം. ചെറുപ്രായത്തിൽത്തന്നെ വലിയ ഉത്തരവാദിത്വങ്ങൾ ഏല്പിച്ച് കരുത്തും ശേഷിയുമുള്ള പുതിയ നേതൃനിരയെ വാർത്തെടുക്കാനുള്ള പാർട്ടിയുടെ തീരുമാനവും ശ്ളാഘനീയം തന്നെയാണ്. പ്രായവും പരിചയവും സ്ഥിരനിക്ഷേപമായി എടുത്തുകാട്ടി ഉന്നത പദവികൾക്കായി അവകാശവാദവുമായി മുന്നോട്ടു വരുന്നവർ എല്ലാ പാർട്ടികളിലും കാണും. ഇടയ്ക്കെങ്കിലും ഇതുപോലുള്ള ധീരമായ മാറ്റം ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്. യുവ നേതൃനിരയ്ക്ക് നൽകുന്ന വലിയ അംഗീകാരം കൂടിയാണത്. പാർട്ടിക്കു വേണ്ടി കൂടുതൽ ഉണർന്നു പ്രവർത്തിക്കാൻ ഇത്തരം മാറ്റങ്ങൾ അവർക്ക് പ്രചോദനമാകും. സാധാരണ ജനങ്ങളും രണ്ടു കൈയും നീട്ടി അതു സ്വീകരിക്കുകയും ചെയ്യും. ഏതു തലമുറയും എപ്പോഴും ആഗ്രഹിക്കുന്നത് മാറ്റം വന്നുകാണാനാണ്.
അഞ്ചുവർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ വി.കെ. പ്രശാന്ത് ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്നു. നഗര പരിപാലനത്തിലും നവീകരണ പ്രവൃത്തികളിലും അദ്ദേഹവും തുടർന്നുവന്ന മേയർ കെ. ശ്രീകുമാറും വലിയ സംഭാവനകൾ നൽകുകയും ചെയ്തു. കൗൺസിലിൽ ഭൂരിപക്ഷമില്ലാതിരുന്നതിനാൽ ആഗ്രഹിച്ച പല പദ്ധതികളും നടപ്പാക്കാൻ കഴിഞ്ഞതുമില്ല. എന്നാൽ ഇക്കുറി ഭൂരിപക്ഷമുള്ളതിനാൽ ആര്യ രാജേന്ദ്രന്റെ പ്രവർത്തനവഴി സുഗമമായിരിക്കുമെന്നു പ്രതീക്ഷിക്കാം. ഒരുകാലത്ത് രാജ്യത്തെ തന്നെ ഏറ്റവും സുന്ദരമായ നഗരമെന്ന ഖ്യാതി നിലനിറുത്തിയിരുന്ന തിരുവനന്തപുരത്തെ പഴയ ആ നിലയിലേക്കു മടക്കിക്കൊണ്ടു പോകാൻ പുതിയ നഗരസഭയ്ക്കു കഴിയണം. നഗരത്തെ ഇപ്പോഴും വീർപ്പുമുട്ടിക്കുന്ന മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രാഥമിക ചുമതലകൾ വിസ്മരിച്ചുകൊണ്ടുള്ള വൻ വികസനമൊന്നും ഏറ്റെടുത്തിട്ടു കാര്യമില്ല. ശുചിത്വവും വെടിപ്പുമുള്ള നഗരത്തിനു വേണ്ടിയാകണം മുഖ്യ പരിപാടികൾ. റോഡുകൾ, പാർക്കുകൾ, ചികിത്സാകേന്ദ്രങ്ങൾ, പുനരധിവാസം തുടങ്ങിയ മേഖലകളിലാകണം കൂടുതൽ ശ്രദ്ധ വേണ്ടത്. നഗരത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് അതിന് അനുസരണമായ പരിഹാര വഴികൾ തേടാനായാൽ നഗരവാസികൾ ഒപ്പം തന്നെ ഉണ്ടാകും. മേയർ സ്ഥാനത്തിനൊപ്പം പഠനം കൂടി തുടരേണ്ടിവരുന്ന പുതിയ നഗരസഭാദ്ധ്യക്ഷയ്ക്ക് പ്രവർത്തന മേഖല ഏറെ വെല്ലുവിളികൾ നിറഞ്ഞതാകുമെന്നു തീർച്ചയാണ്. പാർട്ടിനേതൃത്വത്തിന്റെയും സഹപ്രവർത്തകരുടെയും മാർഗനിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് സമർത്ഥമായി ചുമതലകൾ നിറവേറ്റാൻ ആര്യയ്ക്ക് കഴിയുമെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം. കേരള രാഷ്ട്രീയത്തിൽ ആര്യ രാജേന്ദ്രൻ പുതിയൊരു സന്ദേശം തന്നെയാണ്.