gurudevan

തിരുവനന്തപുരം: എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ കഴിയുന്നതാണ് ആത്മീയതയെന്ന് ആത്മീയ ഗുരുവും സത് സംഗ് ഫൗണ്ടേഷൻ സ്ഥാപകനുമായ ശ്രീ എം പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിൽ മനുഷ്യജീവിതവും ആത്മീയതയയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരാളുടെ ആത്മീയ ഉണർവ് മനുഷ്യരാശിയെ സേവിക്കാനും ഉയർത്താനുമായിരിക്കണം. മനുഷ്യരിലെ പരിഷ്കരണം ആത്മീയ ഉയർച്ചയിലൂടെ മാത്രമേ നടക്കൂ. ശ്രീനാരായണഗുരു സാമൂഹ്യപരിഷ്കർത്താവ് മാത്രമായിരുന്നില്ല. ആത്മീയ ഉയർച്ചയുടെ അടിസ്ഥാനത്തിലുള്ള പരിഷ്കർത്താവ് കൂടി ആയിരുന്നു.

സ്വപ്രയത്നത്താലും ആക്കാലത്തെ മറ്ര് വിശിഷ്ടവ്യക്തികളുടെ സഹായത്താലും വേദാന്തവും ഉപനിഷത്തും പഠിക്കുകയും രാജയോഗവും ഹഠയോഗയും പരിശീലിക്കുകയും ചെയ്ത ശ്രീനാരായണ ഗുരുവിന് തന്റെ ആത്മീയ ഉന്നതിയിലൂടെ സമൂഹത്തെ നയിക്കാൻ കഴിഞ്ഞു.

ശങ്കരന്റെ അദ്വൈത വേദാന്തത്തിന് അദ്ദേഹം പുതിയ വ്യാഖ്യാനം നൽകി. എല്ലാം ബ്രഹ്മമാണെന്നും ബാക്കിയെല്ലാം മായ ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഗുരുവാകട്ടെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നാണ് പറഞ്ഞത്.സത്യത്തിന്റെ അന്തഃസത്ത അദ്ദേഹം സമൂഹത്തിന്റെ താഴേക്കിടയിലെത്തിക്കുകയായിരുന്നു.ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠ ആത്മീയതയുടെ യഥാർത്ഥ പ്രതീകമാണ്. അവഗണിക്കപ്പെട്ട സമൂഹത്തിന്റെ അപകർഷതാ ബോധം അദ്ദേഹം ഇല്ലാതാക്കി.

വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമാണെന്ന് പറഞ്ഞു. അതിനിടയാക്കിയ ജാതി വ്യവസ്ഥയെ ഗുരുവാണ് തകർത്തത്. കമ്മ്യൂണിസമാണ് ജാതി വ്യവസ്ഥയെ തകർത്തതെന്ന് ചിലർ പറയുന്നുണ്ടെങ്കിലും അത് ശരിയല്ല. സാമ്പത്തിക, രാഷ്ടീയ മേഖലയിലെ സോഷ്യലിസം പരാജയപ്പെട്ടപ്പോൾ ആത്മീയ മേഖലയിലെ സോഷ്യലിസത്തിന് വിജയിക്കാൻ കഴിഞ്ഞെന്നും ശ്രീ എം പറഞ്ഞു.