aa

തിരുവനന്തപുരം: സർവതല സ്‌പർശിയായ വികസനത്തിലൂടെ ജനങ്ങൾക്ക് ആശ്രയമായ ജില്ലാ പഞ്ചായത്തിനെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ മുൻഗാമികളുടെ പാത പിന്തുടർന്ന് നടപ്പാക്കുമെന്ന് നിയുക്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ്‌കുമാർ. കേരളകൗമുദിയുമായി അദ്ദേഹം സംസാരിച്ചപ്പോൾ....

? സ്ഥാനലബ്ദി അവിചാരിതമാണല്ലോ,

എങ്ങനെ കാണുന്നു

പാർട്ടി ഏല്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുക എന്നത് പ്രവർത്തകന്റെ ചുമതലയാണ്. ഏതെങ്കിലും സ്ഥാനം പ്രതീക്ഷിച്ചല്ല തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ പാർട്ടി ചുമതല നൽകി. അത് ഭംഗിയായി നിറവേറ്റി.

? പാർലമെന്ററി രംഗത്തെ മുൻകാലഅനുഭവം ഗുണകരമാകുമെന്ന് കരുതുന്നുണ്ടോ

2005 -10 കാലഘട്ടത്തിൽ ആനാവൂർ നാഗപ്പൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്ത് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. നേമം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ ജനകീയാസൂത്രണത്തെക്കുറിച്ച് മനസിലാക്കാനും പ്രവർത്തിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

? ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പദവി നിലവിലെ

സാഹചര്യത്തിൽ വെല്ലുവിളി നിറഞ്ഞതാണോ

നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത് എന്ന നിലയിലേക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മാറിയിട്ടുണ്ട്. വി.കെ. മധുവിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതികൾ ജില്ലാ പഞ്ചായത്തുകൾക്കാകെ മാതൃകയാണ്. ഗിന്നസ് റെക്കാഡ്, ദേശീയ പുരസ്‌കാരം, സംസ്ഥാന അവാർഡുകൾ എന്നിവയടക്കം നേടിയ പഞ്ചായത്തിനെ അതേനിലയിൽ മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യം. മുൻഗാമികളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ടാകും പ്രവർത്തനം. ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമാണുള്ളത്. ഇതൊക്കെ കൊണ്ടുതന്നെ ഭരണം വെല്ലുവിളി നിറഞ്ഞതാണെന്ന് കരുതുന്നില്ല.

?ഏതൊക്കെ മേഖലയിലാകും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക

ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള താലൂക്ക്, ജില്ലാ ആശുപത്രികളിൽ സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ രംഗം, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സംരക്ഷണം മുന്നേറ്റം എന്നിവ തുടരും. പരമ്പരാഗത തൊഴിൽ മേഖല ശക്തിപ്പെടുത്തുന്നതിനും പദ്ധതികൾ ആവിഷ്‌കരിക്കും.

? പൊതുപ്രവർത്തന രംഗത്ത് കുടുംബത്തിന്റെ സഹകരണം ലഭിക്കുന്നുണ്ടോ

രാഷ്ട്രീയ രംഗത്തും പൊതുപ്രവർത്തനത്തിലും ഇപ്പോഴും കുടുംബത്തിന്റെ കൂട്ടുണ്ട്. ഭാര്യ ഗ്രീഷ്‌മ. സി.എസ് ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്. നാലാം ക്ലാസ് വിദ്യാർത്ഥി അദ്വൈത് ജി. സുരേഷ്, രണ്ടാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് ജി. സുരേഷ് എന്നിവരാണ് മക്കൾ.