
മെൽബൺ: ബോക്സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യദിനം ബൗളർമാരുടെ മികവിൽ ഇന്ത്യയ്ക്ക് മേൽക്കൈ. ഒന്നാം ദിനം ആസ്ട്രേലിയയെ 196 റൺസിന് ആൾഔട്ടാക്കിയ ഇന്ത്യ സ്റ്റമ്പെടുക്കുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എടുത്തിട്ടുണ്ട്. ആതിഥേയരേക്കാൾ 159 റൺസ് പിറകിലാണ് ഇന്ത്യ.
ഗില്ലും സിറാജും
അരങ്ങേറി
സ്ഥിരം നായകൻ വിരാട് കൊഹ്ലി നാട്ടിലേക്ക് മടങ്ങിയതിനാൽ അജിങ്ക്യ രഹാനെയുടെ ക്യാപ്ടൻ സിയിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. ശുഭ്മാൻ ഗില്ലും മുഹമ്മദ് സിറാജും ഇന്ത്യൻ ടെസ്റ്റ് ജേഴ്സിയിൽ ഈ ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ചു. ഒന്നാം ടെസ്റ്റിൽ രണ്ടിന്നിംഗ്സിലും പരാജയമായ പ്രിഥ്വിഷായ്ക്ക് പകരമാണ് ഗില്ലിന് അവസരം കിട്ടിയത്. ഒന്നാം ടെസ്റ്റിൽ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരമാണ് മുഹന്മദ് സിറാജിന് ടീമിലിടം കിട്ടിയത്. സാഹയ്ക്ക് പകരം വിക്കറ്റ് കീപ്പറായി റിഷഭ് പന്തെത്തിയപ്പോൾ രവീന്ദ്ര ജഡേജയേയും അവസാന പതിനൊന്നിൽ ഉൾപ്പെടുത്തി.
സൂപ്പർ ബൗളിംഗ്
ആദ്യ ടെസ്റ്റിൽ എട്ട് വിക്കറ്റിന്റെ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ആ ആഘാതത്തിൽ നിന്നുള്ള മുക്തിയായിരുന്നു ബോക്സിംഗ് ഡേയിലെ പ്രകടനം. 4 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും 3 വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനുമാണ് ഓസീസ് ബാറ്റിംഗ് നിരയിൽ വിള്ളലുണ്ടാക്കിയത്. അരങ്ങേറ്റക്കാരൻ സിറാജ് രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ജോ ബേൺസിനെ പന്തിന്റെ കൈയിൽ എത്തിച്ച് ബുംറ ഓസീസിന്റെ തകർച്ചയ്ക്ക് തുടക്കമിടുകയായിരുന്നു. 4.2 ഓവറിൽ പത്ത് റൺസേ അപ്പോൾ ഓസീസിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നുള്ളൂ.48 റൺസെടുത്ത മാർനസ് ലബുഷ്ചാംഗെയാണ് ഓസീസിന്റെ ടോപ്സ്കോറർ. മാത്യു വേഡ് (30), ട്രാവിസ് ഹെഡ് (38) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
പരിചയ സമ്പന്നനായ സ്റ്റീവൻ സ്മിത്തിനെ അശ്വിൻ പന്തിന്റെ കൈയിൽ എത്തിച്ച് പൂജ്യനായി മടക്കി. കാമറൂൺ ഗ്രീനും ( 12), ടിം പെയ്നും (13) നിരാശപ്പെടുത്തി. വാലറ്റത്ത് രണ്ട് ഫോറും 1 സിക്സും ഉൾപ്പെടെ നാഥാൻ ലിയോൺ17 പന്തിൽ 20 റൺസ് നേടി. അഡ്ലെയ്ഡ് വേദിയായ ഒന്നാം ടെസ്റ്റിലും ആസ്ട്രേലിയയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ 200 കടക്കാൻ കഴിഞ്ഞിരുന്നില്ല.
അതേ സ്കോർ
ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ നാണം കെട്ട അതേ സ്കോറാണ് ബോക്സിംഗ് ഡേയിലും കളിനിറുത്തുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിലുള്ളത്. അന്ന് 36/9 ആയിരുന്നു ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് സ്കോർ. ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ 36/1 എന്ന നിലിയിലായിരുന്നു ഇന്ത്യ.
മായങ്ക് അഗർവാളിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ഓവറിലെ അവസാന പന്തിൽ സ്റ്റാർക്ക് അഗർവാളിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. അക്കൗണ്ട് തുറക്കുന്നതിന് മുൻപ് തന്നെ ആദ്യ വിക്കറ്റ് വീണെങ്കിലും തുടക്കക്കാരന്റെ പതർച്ചയില്ലാതെ ബാറ്റ് വീശിയ ഗില്ലും വിശ്വസ്തനായ ചേതേശ്വർ പുജാരയും വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ ഒന്നാം ദിനം കടത്തുകയായിരുന്നു.
സ്റ്റാർക്കിനെയും കമ്മിൻസിനേയും ഹേസൽവുഡിവനേയയും ലിയോണിനേയും ആത്മവിശ്വാസത്തേടെ നേരിട്ട ഗിൽ 38 പന്തിൽ 5 ഫോറുൾപ്പെടെ 28 റൺസുമായി ബാറ്റിംഗ് തുടരുകയാണ്. പുജാര 7 റൺസെടുത്തിട്ടുണ്ട്.