കൂട്ടുകാരെ സൗഹൃദത്തിന്റെ പുഴക്കരയിൽ ഒറ്റയ്ക്കാക്കി അനിൽ ആഴങ്ങളിലേക്ക് യാത്ര തിരിക്കുന്നു.

ജലനിഗൂഢതയിൽ നിന്ന് മരണം തന്റെ നീരാളിക്കൈകൾ നീട്ടിവിളിക്കുന്നത് അനിൽ നെടുമങ്ങാട് നേരത്തേ അറിഞ്ഞിരുന്നോ! അറിയില്ല.
ക്രിസ്‌മസ് ദിനത്തിൽ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപുള്ള അനിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലും വാട്‌സാപ്പ് സന്ദേശങ്ങളിലുമൊക്കെ ഒരു വിടപറയലിന്റെ നിഴലൊളിഞ്ഞ് നിന്നിരുന്നുവെന്ന് പറയാതെ പറയുകയാണ് അനിലിന്റെ ഉറ്റ ചങ്ങാതിമാർ ഇപ്പോൾ.നെടുമങ്ങാട്ടെ മഞ്ച സ്കൂളിലാണ് അനിൽ പഠിച്ചത്. സ്കൂൾ സുഹൃത്തുക്കളുടെ വാട്‌സാപ്പ് കൂട്ടായ്മയിൽ ഏറെ നാളുകൾക്ക് ശേഷം അനിൽ ക്രിസ്‌മസ് ദിനത്തിൽ ഒരു ശബ്ദസന്ദേശമയച്ചു: ''എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ.. ഇന്നലെ വെളുപ്പാൻ കാലം വരെ ഷൂട്ടായിരുന്നു. എല്ലാവർക്കും ഹാപ്പി ക്രിസ്‌മസ്, ഹാപ്പി ന്യൂഇയർ. എന്റെ പൊന്ന് ചങ്കുകളേ.. എന്റെ ബിനൂ..., അവൻ ഗൾഫിലെന്തോ ആണ്. എന്റെ സുദീപ്, പേരെടുത്ത് പറഞ്ഞ് കഴിഞ്ഞാൽ ഒരുപാട് പേരുണ്ട്. നമ്മൾ മഞ്ച സ്കൂളിൽ... നമ്മൾ എല്ലാവർക്കും പരസ്പരം അറിയാവുന്ന ആൾക്കാരാണ്. നമ്മളൊരുമ്മിച്ച് മൂന്ന് വർഷം.. ഹൊ! സുദീപിന്റെ ചെരുപ്പെടുത്ത് കളഞ്ഞിട്ട് എൻ.സി.സി സാറ് (പൊട്ടിച്ചിരിക്കുന്നു) എന്തൊക്കെ തമാശകളാണ്. എനിക്ക് തോന്നുന്നു സുദീപ് അന്ന് ഇ ഡിവിഷനിലാണ്. ഞാൻ സി യിലാണ്. ഇ ഡിവിഷനൊക്കെയുണ്ട്. അന്ന്.. ഹൊ! എന്തൊരു കാലഘട്ടമല്ലേ. മഞ്ച സ്കൂളിൽ പഠിക്കുമ്പോൾ ഒരു മണിക്ക് ശേഷം ഒരിക്കലും സ്കൂളിൽ ഇരുന്നിട്ടില്ല. എപ്പോഴും തിയേറ്ററിലാണ്.. കമലഹാസന്റെ പടം, രജനീകാന്തിന്റെ പടം.. എന്റെ പൊന്നു മച്ചമ്പിമാരെ എനിക്ക് ഇടയ്ക്കൊന്നും ഗ്രൂപ്പിൽ വരാനൊക്കാത്ത ഒരവസ്ഥയായത് കൊണ്ടാണ്... എന്റെ മച്ചമ്പിമാരേ.. എല്ലാവർക്കും ഹാപ്പി ക്രിസ്‌മസ്. "
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ജന്മദിനമായിരുന്നു ഇന്നലെ. അനിൽ രാവിലെ ഫേസ്‌ബുക്കിൽ കുറിച്ചു: ''ഈ ദിവസം ഇങ്ങേരെക്കുറിച്ചാണ് എഴുതേണ്ടത്. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്.ബിയിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങനെ.. ഷൂട്ടിംഗിനിടയിൽ ഒരു ദിവസം എന്റേതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിട്ട് നീയും സ്റ്റാറായി അല്ലേ? ഞാൻ പറഞ്ഞു ആയില്ല. ആവാം. ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം.. സി.ഐ സതീഷ് എന്ന കഥാപാത്രത്തെ സച്ചിച്ചേട്ടനെ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവുമൊക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു."
എഫ്.ബിയിൽ പോസ്റ്റിട്ട് എട്ടാം മണിക്കൂറായപ്പോൾ അനിലും യാത്രയായി. സച്ചിയുടെ ജന്മദിനം അനിലിന്റെ ചരമദിനമായി. ഇനി വരുന്ന ക്രിസ്‌മസുകളെല്ലാം ഒരുമിച്ചാഘോഷിക്കാൻ ആശാൻമാർ രണ്ടുപേരും ചേർന്ന് എന്തോ പ്ലാനിട്ടിട്ടുണ്ടെന്നാണ് ഇരുവരുടെയും ചങ്ങാതിമാരിലൊരാൾ ഫേസ്‌ബുക്കിൽ കുറിച്ചത്.
പുഴയിൽ കുളിക്കുന്ന ഒരു ചിത്രം ഫേസ്‌ബുക്കിൽ പങ്കുവച്ച് മൂന്ന് വർഷം മുൻപ് അനിൽ കുറിച്ച വാക്കുകൾ ചങ്ങാതിമാരുടെ ചങ്കിൽ നീറിപ്പിടയുകയാണ് ഇപ്പോൾ... മുങ്ങാം.. കൂടെ മുങ്ങാൻ ആരേങ്കിലും ഉണ്ടെങ്കിൽ ഇപ്പൊ മുങ്ങണം."
ഒരുപാടൊരുപാട് കൂട്ടുകാരെ സൗഹൃദത്തിന്റെ പുഴക്കരയിൽ ഒറ്റയ്ക്കാക്കി അനിൽ ആഴങ്ങളിലേക്ക് യാത്രയായിരിക്കുന്നു; മടക്കമില്ലാത്ത യാത്ര.