
എല്ലാവരും ദോശ ചുടുന്നത് ഒരുപോലെ ആവില്ലല്ലോ...ഒരു വ്യത്യസ്ത ദോശചുടലാണ് ഇപ്പോൾ ചർച്ചാവിഷയം. 'അർച്ചന 31 നോട്ട് ഔട്ട്' ചിത്രത്തിന്റെ ലൊക്കേഷനിൽ ദോശ ചുടൽ മത്സരവുമായി ഐശ്വര്യ ലക്ഷ്മിയും സംഘവും. തട്ടുകട പ്ലാൻസ് എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വലിയ ദോശക്കല്ലിൽ പല വലിപ്പത്തിലും ആകൃതിയിലുമുള്ള ദോശ ചുട്ടു പഠിക്കുന്ന ഐശ്വര്യയെയാണ് വീഡിയോയിൽ കാണാൻ കഴിയുക. ഐശ്വര്യയ്ക്ക് ദോശചുടലിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചുകൊടുക്കുന്ന നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനെയും വീഡിയോയിൽ കാണാം. "ഷൂട്ടിംഗ് വിശ്രമ വേളകൾ ആനന്ദകരമാക്കാൻ ദോശ ചുടൽ മത്സരം സംഘടിപ്പിച്ചു" എന്ന് വീഡിയോക്കിടെ ഐശ്വര്യ പറയുന്നുണ്ട്. അടുത്തിടെ സിനിമയുടെ സെറ്റിൽ വച്ച് രാമശ്ശേരി ഇഡലി കഴിക്കുന്ന ചിത്രവും ഐശ്വര്യ ലക്ഷ്മി പങ്കുവച്ചിരുന്നു. ഇഡലിയും കറികളും അടങ്ങുന്ന പ്ലേറ്റ് പിടിച്ച് സന്തോഷത്തോടെ നിൽക്കുന്ന ഐശ്വര്യയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ് അർച്ചന 31 നോട്ട് ഔട്ട് നിർമ്മിക്കുന്നത്. ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അഖിൽ അനിൽ കുമാറാണ് സംവിധായകൻ. ജോയൽ ജോജി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ജത്ത് പ്രകാശ്, മാത്തൻ എന്നിവർ സംഗീതവും ഒരുക്കുന്നു.