
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന 100 ദിനകർമ്മ പരിപാടി ജനങ്ങളെ കബളിപ്പിക്കാനാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഓണക്കാലത്ത് പ്രഖ്യാപിച്ച 100 ദിന പരിപാടികളിൽ മിക്കതും നടപ്പാക്കാതെയാണ് വീണ്ടും 100 ദിനപരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
1,16,440 തൊഴിലവസരങ്ങൾ കുടുംബശ്രീകാർക്ക് നൽകിയെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടിരിക്കുന്നത്.
കുടുംബശ്രീ പ്രവർത്തകർ 15000 സ്വയം സംരംഭക പദ്ധതികൾ തുടങ്ങുമെന്നും അപ്പോൾ ഇത്രയധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. മലർപ്പൊടിക്കാരന്റെ മനോരാജ്യം പോലെയാണിത്.
അനധികൃത നിയമനങ്ങൾ മൂലം ആത്മഹത്യയിലേക്ക് നീങ്ങിയ യുവാക്കളെ അവഹേളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ തൊഴിൽ വാഗ്ദാനം.
ബഡ്‌ജറ്റുകളിലൂടെ പ്രഖ്യാപിച്ച പതിനായിരം കോടിയുടെ പാക്കേജുകൾ നടപ്പാക്കാതിരുന്നവരാണിപ്പോൾ പതിനായിരം കോടിയുടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, മറ്റു പെൻഷനുകൾ എന്നിവയുടെ തുക വർദ്ധിപ്പിക്കുകയും 2014 ൽ പെൻഷന്റെ വരുമാനപരിധി ഒരു ലക്ഷം രൂപയാക്കി ഉയർത്തുകയും ചെയ്തതാണ്.