
തിരുവനന്തപുരം: നഗരത്തിന്റെ ഭരണസാരഥ്യം ഇരുപത്തിയൊന്നുകാരി ആര്യാ രാജേന്ദ്രന്റെ കൈകളിൽ ഭദ്രമാണെന്ന് തെളിയിക്കുന്നതാണ് ആ പ്രായത്തിൽക്കവിഞ്ഞ പക്വതയും ചങ്കൂറ്റവും. നടപ്പിലും സംസാരത്തിലുമെല്ലാം അച്ചടക്കമുള്ള ഒരു പാർട്ടിപ്രവർത്തക. എല്ലാ വിഷയത്തിലും വ്യക്തമായ നിലപാടുകൾ. ബാലസംഘത്തിൽ നിന്ന് തലസ്ഥാന നഗരത്തിന്റെ ഭരണം ഏറ്റെടുക്കുമ്പോഴും ആര്യ കൂളാണ്. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തും മുൻപേ നാടിന്റെ ആശംസപ്രവാഹമാണ് മുടവൻമുകൾ കേശവദേവ് റോഡിലെ വാടക വീട്ടിലേക്ക്. തിരക്കുകൾക്കിടെ ആര്യ 'കേരളകൗമുദി'യോട് സംസാരിക്കുന്നു.
തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവും വിജയവും?
പാർട്ടി തീരുമാനം അനുസരിച്ച് അപ്രതീക്ഷിതമായാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. വിജയത്തെ കുറിച്ച് ആശങ്കയില്ലായിരുന്നു. മുടവൻമുകൾ ഇടതുപക്ഷത്തിനൊപ്പമാണ്. കഴിഞ്ഞകാലങ്ങളിൽ എൽ.ഡി.എഫ് കൗൺസിലർമാർ ചെയ്ത വികസനപ്രവർത്തനങ്ങൾ മുതൽക്കൂട്ടായി. വികസനം മുൻനിറുത്തിയാണ് ജനം വോട്ട് ചെയ്തത്.
പ്രായക്കുറവ് വെല്ലുവിളിയാണോ?
യുവത്വത്തെ നാടിന് ആവശ്യമാണ്. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികൾ തന്റെ പ്രായത്തെ ആയുധമാക്കിയിരുന്നു. അതൊന്നും വിജയത്തിന് തടസമായില്ല.തുടർന്ന് അങ്ങോട്ടും പ്രായക്കുറവ് വെല്ലുവിളിയാകില്ല. ചിട്ടയായ പാർട്ടി സംവിധാനത്തിലൂടെയാണ് വളർന്നുവന്നത്. അതിന്റെ കരുത്തിൽ മുന്നോട്ടുപോകും. ബാലസംഘത്തിലൂടെയും എസ്.എഫ്.ഐയിലൂടെയും ലഭിച്ച അനുഭവങ്ങളാണ് എനിക്ക് പിൻബലം.
മേയർ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
നിലവിൽ മുടവൻമുകൾ വാർഡ് കൗൺസിലറെന്ന ദൗത്യമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. വിജയച്ച ശേഷമുള്ള സ്വീകരണം ഏറ്റുവാങ്ങുകയാണ്. മറ്റുപദവികൾ ഏറ്റെടുക്കാൻ പാർട്ടി പറഞ്ഞാൽ സന്തോഷത്തോടെ സ്വീകരിക്കും. ഒന്നും പ്രതീക്ഷിച്ചിട്ടില്ല. നല്ലൊരു സഖാവായിരിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. മറ്റെല്ലാം അതിനിടയിൽ സംഭവിക്കുന്നതാണ്. പാർട്ടി തീരുമാനം പിഴയ്ക്കില്ല.
തിരുവനന്തപുരം എങ്ങനെയായിരിക്കണം?
മാലിന്യമുക്ത നഗരമെന്നതാണ് ഏറ്റവും പ്രധാനം. വിദ്യാസമ്പന്നരായ ജനങ്ങളിലൂടെ അത് സമ്പൂർണമാക്കണം. സാധാരണക്കാരൻ ആശ്രയിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം കുറ്റമറ്റതാക്കണം. ബാക്കി മാറ്റങ്ങളെല്ലാം കൂട്ടായ തീരുമാനത്തിലൂടെയാണ് ഉണ്ടാകേണ്ടത്.
സംഘടനാ രംഗത്തേക്കുള്ള കടന്നുവരവ്?
പാർട്ടി കുടുംബത്തിലാണ് ജനിച്ചത്. അച്ഛനും അമ്മയും സഹോദരനുമെല്ലാം പാർട്ടി അംഗങ്ങളാണ്. എനിക്ക് അറിവാകുന്നതിന് മുമ്പേ അച്ഛൻ പാർട്ടി വേദികളിൽ കൊണ്ടുപോയിരുന്നു. അഞ്ചാം ക്ലാസുമുതൽ ബാലസംഘത്തിൽ സജീവമായി. തുടർന്ന് ബാലസംഘത്തിന്റെ ചാല ഏരിയാ കമ്മിറ്റിയുടെ ഭാഗമായി, എസ്.എഫ്.ഐയിലെത്തി. രണ്ടുവർഷം മുമ്പ് ബാലസംഘം സംസ്ഥാന പ്രസിഡന്റായി.
രാഷ്ട്രീയത്തിൽ റോൾ മോഡലുണ്ടോ?
ഒരുപാടുപേരുണ്ട്. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്താണ് ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ഏറ്റവും വലിയ കഴിവെന്ന് ഞാൻ വിശ്വസിക്കുന്നു. അത്തരമൊരു കാഴ്ചപ്പാടിൽ എനിക്ക് മുന്നിലുള്ളത് മുഖ്യമന്ത്രി പിണറായി വിജയനാണ് അദ്ദേഹത്തിന്റെ നേതൃപാടവവും എക്കാലവും പ്രചോദനമാണ്. മന്ത്രി കെ.കെ.ശൈലജയും എനിക്ക് മാതൃകയാണ്.
കുടുംബവും ജീവിത സാഹചര്യവും?
സാധാരണകുടുംബമാണ്. അച്ഛൻ രാജേന്ദ്രൻ ഇലക്ട്രിഷ്യനും അമ്മ ശ്രീകല എൽ.ഐ.സി ഏജന്റുമാണ്. സഹോദരൻ ഓട്ടോമൊബൈൽ എൻജിനിയറിംഗ് കഴിഞ്ഞ് ഒരുവർഷം മുമ്പ് വിദേശത്ത് ജോലിക്ക് പോയി. സാമ്പത്തിക ബുദ്ധിമുട്ടും പ്രശ്നങ്ങളുമുണ്ടെങ്കിലും അതൊന്നും എന്റെ പൊതുപ്രവർത്തനത്തെ ബാധിക്കില്ല.
പഠനവും ഭരണവും തടസമാകുമോ?
പത്താംക്ലാസ് വരെ കാർമൽ സ്കൂളിലായിരുന്നു. ഹയർസെക്കൻഡറി കോട്ടൺഹില്ലിലും.ഡിഗ്രിക്കാണ് ആൾസെയിന്റ്സിൽ എത്തിയത്. പഠനകാലത്ത് സംഘടനാപ്രവർത്തനം നടത്താൻ വീട്ടുകാരും അദ്ധ്യാപകരും സഹപാഠികളും തടസമായില്ല. പഠനം പൂർത്തിയാക്കും. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ എം.ബി.എ എടുക്കണമെന്നാണ് ആഗ്രഹം.
വിവാഹവും കുടുംബജീവിതവും?
നിലവിൽ അതിനെ കുറിച്ച് അലോചിച്ചിട്ടില്ല. തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ എതിരാളികൾ പറഞ്ഞിരുന്നത് ചെറിയ 'പെൺകൊച്ചാണ് ജയിച്ചാൽ കല്യാണം കഴിഞ്ഞ് അത് അതിന്റെ പാട്ടിന് പോകുമെന്നായിരുന്നു '. തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ കല്യാണം കഴിക്കാൻ തീരുമാനിച്ചിട്ടില്ല. വിവാഹം ഉടൻ ഉണ്ടാകില്ല. ഇക്കാര്യത്തിലും വീട്ടുകാർ എനിക്കൊപ്പമാണ്.