mayor

@കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ

തിരുവനന്തപുരം:കേരളത്തിന്റെ ഭരണസാരഥ്യത്തിൽ യുവതലമുറയ്‌ക്ക്,​ പ്രത്യേകിച്ച് വനിതകൾക്കു നൽകുന്ന അംഗീകാരമായി 21വയസുള്ള രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനി ആര്യാ രാജേന്ദ്രനെ തലസ്ഥാന നഗരത്തിന്റെ മേയറായി നിശ്ചയിച്ച് സി. പി. എം ചരിത്രം കുറിച്ചു. നാളെ ആര്യ തിരഞ്ഞെടുക്കപ്പെടുമ്പോൾ കേരളത്തിന്റെ ചരിത്രത്തിലെയും നിലവിൽ ഇന്ത്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ മേയർ ആയിരിക്കും. 2009 ൽ രാജസ്ഥാനിലെ ഭരത്പൂരിൽ മേയറായ സുമൻ കോലിക്കും അന്ന് 21 വയസായിരുന്നു.

ഓൾ സെയിന്റ്സ് കോളജിലെ രണ്ടാംവർഷ ബി.എസ്.സി മാത്തമാറ്റിക്‌സ് വിദ്യാർത്ഥിനിയായ ആര്യ മുടവൻമുകൾ വാർഡ് കൗൺസിലറും ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.

ഇലക്ട്രീഷ്യനായ രാജേന്ദ്രനും എൽ.ഐ.സി ഏജന്റായ ശ്രീലതയുമാണ് മാതാപിതാക്കൾ. മുടവൻമുകൾ കേശവദേവ് റോഡിലെ വാടകവീട്ടിലാണ് താമസം. ഓട്ടോമൊബൈൽ എൻജിനീയറായ സഹോദരൻ അരവിന്ദ് അബുദാബിയിലാണ്. എല്ലാവരും സി.പി.എം കേശവദേവ് റോ‌ഡ് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്.

എളിയ ജീവിത സാഹചര്യങ്ങളിൽ നിന്ന് പാർട്ടിയുടെ കരുത്തുറ്റ യുവ നേതാവായി വളരുന്ന ആര്യയെ വെള്ളിയാഴ്ച ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആണ് മേയറാക്കാൻ തീരുമാനിച്ചത്. ഇന്നലെ സി. പി. എം ജില്ലാ കമ്മിറ്റി യോഗം

സെക്രട്ടേറിയറ്റ് തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന്റെ ബലത്തിൽ ഭരണത്തുടർച്ച ആഗ്രഹിക്കുന്ന സി. പി. എം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ യുവജനങ്ങൾക്ക് പ്രചോദനമേകാൻ നൽകുന്ന ശക്തമായ സന്ദേശമാണ് ആര്യയുടെ മേയർ പദവി. നിയമസഭാ തിരഞ്ഞെടുപ്പ് പടിക്കൽ നിൽക്കെ,​ ഈ സുപ്രധാന തീരുമാനം സംസ്ഥാനത്തുടനീളം പാർട്ടിക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.

ആര്യയിലേക്ക് എത്തിയത്


മേയറെ നിശ്ചയിക്കാൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ചേരും മുമ്പ് തന്നെ സംസ്ഥാന സെന്ററിൽ നിന്നുള്ള സന്ദേശം പി.ബി അംഗം

കോടിയേരി ബാലകൃഷ്ണൻ കൈമാറിയിരുന്നു.

പരമ്പരാഗത തീരുമാനങ്ങൾ വേണ്ടെന്നും

നൂതനമായ പരീക്ഷണങ്ങൾ വേണമെന്നുമായിരുന്നു സന്ദേശം.

കഴിഞ്ഞ തവണ യുവനിരയിൽ നിന്ന് വി.കെ.പ്രശാന്തിനെ മേയറാക്കിയത് ജില്ലയിൽ പാർട്ടിക്ക് ഗുണംചെയ്തതെന്ന വിലയിരുത്തലും ഉണ്ടായി.

ആ വഴിക്കുള്ള ചർച്ചകളാണ് യോഗത്തിൽ കോടിയേരിയുടെ സാന്നിദ്ധ്യത്തിൽ നടന്നത്.

യുവമുഖങ്ങളിൽ വഞ്ചിയൂർ കൗൺസിലർ ഗായത്രി ബാബു, നന്ദൻകോട് കൗൺസിലർ ഡോ.റിനി, ആര്യ രാജേന്ദ്രൻ എന്നിവരിൽ കേന്ദ്രീകരിച്ചാണ് ചർച്ച പുരോഗമിച്ചത്. മറ്റ് രണ്ട് പേരേക്കാൾബാലസംഘത്തിലും എസ്.എഫ്.ഐയിലും പാർട്ടിയിലുമുള്ള പ്രവർത്തനത്തിലെ കൂടുതൽ അനുഭവ ക്കരുത്ത് ആര്യയെ തുണച്ചു.