post

മലയാളത്തിന്റെ പ്രിയനടൻ അനിൽ പി. നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് സിനിമാലോകം ഇനിയും മുക്തമായിട്ടില്ല. സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് അനിലിന് ആദരാഞ്ജലി അർപ്പിച്ചെത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, മേജർ രവി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ്, അലൻസിയർ, സുരഭി ലക്ഷ്മി, തിരക്കഥാകൃത്ത് ബിബിൻ ചന്ദ്രൻ തുടങ്ങി നിരവധി പേർ താരത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും സമൂഹ മാദ്ധ്യമങ്ങളിലൂടെ ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അനിൽ തന്റെ സോഷ്യൽ മീഡിയകളിൽ പങ്കുവച്ച പോസ്റ്റുകളും ഇപ്പോൾ വ്യാപകമായി ചർച്ചചെയ്യപ്പെടുകയാണ്. പല പോസ്റ്റുകളിലും മരണത്തിന്റെ നിഴൽ പടർന്നു കിടന്നിരുന്നതായി സിനിമാലോകത്തെ സുഹൃത്തുക്കളും ആരാധകരും വേദനയോടെ തിരിച്ചറിയുന്നു. അക്കൂട്ടത്തിൽ നടി കനി കുസൃതിയ്ക്ക് അനിൽ അയച്ച സന്ദേശങ്ങളാണ് ആരാധകരെ വീണ്ടും വേദനയിലാഴ്ത്തിയിരിക്കുന്നത്.

2018 ഫെബ്രുവരിയിൽ കനി കുസൃതിയുമായി അനിൽ നടത്തിയ ചാറ്റിന്റെ സ്‌ക്രീൻഷോട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. കനി തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഈ സ്‌ക്രീൻഷോട്ട് പരസ്യപ്പെടുത്തിയത്.

അനിൽ മരിച്ചുവെന്ന് താൻ സ്വപ്നം കണ്ടെന്നും പിറ്റേന്ന് രാവിലെ അദ്ദേഹത്തോട് ഇക്കാര്യം പറയുന്നതുമാണ് ചാറ്റിന്റെ ഉള്ളടക്കം. "മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ...പേടിക്കേണ്ട നീ വന്നിട്ടേ ചാകൂ" എന്ന തലക്കെട്ടോടെ അനിൽ തന്നെ ഈ സ്‌ക്രീൻ ഷോട്ട് അന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചാറ്റാണ് ഇപ്പോൾ കനിയും പങ്കുവച്ചിരിക്കുന്നത്.