
തിരുവനന്തപുരം: സമീപകാലത്ത് ഏറെ പ്രതീക്ഷയുണർത്തിയ സ്വഭാവനടനായിരുന്നു അനിൽ നെടുമങ്ങാടെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ അനുശോചനസന്ദേശത്തിൽ പറഞ്ഞു. അയ്യപ്പനും കോശിയിലെ സി.ഐയുടെ വേഷത്തിലൂടെ മുഖ്യധാരാ സിനിമയിലെ മുൻനിര നടന്മാരുടെ ശ്രേണിയിലേക്ക് ഉയർന്നു. കമ്മട്ടിപ്പാടം, ഞാൻ സ്റ്റീവ് ലോപസ്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ വ്യത്യസ്തവും സ്വാഭാവികവുമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി. ടെലിവിഷൻ അവതാരകനായി രംഗത്തുവന്ന് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനിൽ നെടുമങ്ങാടിന്റെ നിര്യാണം മലയാള സിനിമയ്ക്കും സാംസ്‌കാരിക കേരളത്തിനും തീരാനഷ്ടമാണ്.