1

തിരുവനന്തപുരം: തന്റെ മകൾക്ക് പാർട്ടി നൽകിയ ഈ ഉത്തരവാദിത്വത്തിൽ അഭിമാനമുണ്ടെന്ന് ആര്യയുടെ അച്ഛൻ രാജേന്ദ്രൻ പറഞ്ഞു. ഭാരിച്ച ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നത്. അത് ഭംഗിയായി നി‌ർവഹിക്കാൻ അവൾക്ക് കഴിയും.ചെറുപ്പത്തിലേ ബാലസംഘംത്തിന്റെ പരിപാടികൾക്ക് താൻ മകളെ കൊണ്ടു പോകാറുണ്ടായിരുന്നു.ആര്യയുടെ സ്ഥാനാർത്ഥിത്വം പോലും പാർട്ടിയുടെ ഒറ്റക്കെട്ടായ തീരുമാന പ്രകാരമാണ്. സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിച്ച് മത്സരിപ്പിച്ച് വിജയിച്ചു.ചെറുപ്പം മുതലേ അച്ഛനോടൊപ്പമായിരുന്നു കൂടുതൽ സമയം. അത് കൊണ്ടായിരിക്കാം തന്നോട് കൂടുതൽ ഇഷ്ടമെന്ന് ആര്യയുടെ അമ്മ പറഞ്ഞത്. പഠിത്തവും രാഷ്ട്രീയവും ഒരേ പോലെ കൊണ്ട് പോകാൻ മകൾക്ക് സാധിക്കും.പഠിത്തത്തിൽ മകൾക്ക് വ്യക്തമായ ലക്ഷ്യമുണ്ട്.ബാലസംഘം സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ തന്നെ 14 ജില്ലകളുടെ ചുമതലയുണ്ടായിരുന്നു.ഇലക്ട്രീഷ്യനാണ് രാജേന്ദ്രൻ.

വീട്ടിൽ ഗൗരവക്കാരി: അമ്മ ശ്രീകല

തിരുവനന്തപുരം: മേയറുടെ ചുമതല വഹിക്കാൻ ആര്യയ്ക്ക് പ്രായം ഒരു തടസമേയല്ലെന്ന് ആര്യയുടെ അമ്മ ശ്രീകല പറഞ്ഞു. ആര്യയുടെ പക്വതയാർന്ന പെരുമാറ്റവും പ്രവർത്തനവുമാണ് ഇന്ന് ആര്യയെ ഈ നിലയിലെത്തിച്ചത്. ഒന്നാം ക്ളാസുമുതലേ ബാലസംഘത്തിന്റെ പരിപാടിയ്ക്ക് ആര്യ അച്ഛനോടൊപ്പം പോകുമായിരുന്നു. അമ്മയുടേയും അച്ഛന്റെയും പാർട്ടി സ്നേഹവും പ്രവർത്തനവും കണ്ടാണ് ആര്യയും ഇടതുപക്ഷത്തിന്റെ ഭാഗമായത്. തനിക്ക് പണ്ട് പാർട്ടി പ്രവർത്തനത്തിൽ സജീവമാകാനുള്ള കുടുംബ സാഹചര്യമുണ്ടായിരുന്നില്ല. അതിനാൽ ബാല്യകാലം മുതലേ മകൾക്ക് അതിനുള്ള അവസരവും സാഹചര്യവുമുണ്ടാക്കി കൊടുത്തു. രാഷ്ട്രീയത്തോടൊപ്പം പഠനവും അവൾ കൊണ്ടുപോകുമെന്ന് വിശ്വാസമുണ്ട്. അതുകൊണ്ടാണ് പാർട്ടിയിൽ ഇത്രയുമധികം ചുമലതകളുണ്ടായിട്ടും പഠനത്തിൽ ശ്രദ്ധിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തും ആര്യ പഠിക്കാൻ പ്രത്യേകം സമയം കണ്ടെത്തി. വീട്ടിൽ അൽപം ഗൗരവക്കാരിയാണ്. എങ്കിലും സ്നേഹം പ്രകടിപ്പിക്കാതിരിക്കാറില്ല. പണ്ട് മുതലേ ആര്യയ്ക്ക് അച്ഛനോടാണ് അല്പം സ്നേഹം കൂടുതൽ. പാർട്ടി എന്ത് ചുമതല നൽകിയാലും അത് ഉത്തരവാദിത്വത്തോടെ ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്. എൽ.ഐ.സി കരമന ബ്രാഞ്ചിലെ ഏജന്റാണ് ശ്രീകല.