cpi

തിരുവനന്തപുരം: സി.പി.ഐ രൂപീകൃതമായതിന്റെ 95ാം വാർഷികം സംസ്ഥാനത്ത് സമുചിതമായി ആചരിച്ചു. പാർട്ടി ഓഫീസുകളിലും പ്രധാന ജംഗ്ഷനുകളിലും രക്തപതാക ഉയർത്തി. ദേശത്തും വിദേശത്തും പ്രവർത്തിച്ചുവന്ന വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഒന്നായി 'കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ' രൂപം കൊള്ളുന്നത് 1925 ഡിസംബർ 26നാണ്.

തിരുവനന്തപുരത്ത് സംസ്ഥാന കൗൺസിൽ ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പതാക ഉയർത്തി.പുത്തൻ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ സമരസജ്ജമായ ഒരു പാർട്ടി കെട്ടിപ്പടുക്കുമെന്ന് പ്രതിജ്ഞയെടുക്കാമെന്ന് കാനം പറഞ്ഞു.

കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കർഷകർ ആരംഭിച്ച പ്രക്ഷോഭം ജനകീയ പ്രക്ഷോഭമായി മാറുകയാണ്. കേന്ദ്ര നയങ്ങൾക്കെതിരെ പോരാടാൻ ശക്തമായ കമ്മ്യൂണിസ്റ്റ് പാർട്ടി അനിവാര്യമാണ്.

സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ.കെ. പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ, ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ. അനിൽ എന്നിവർ സംബന്ധിച്ചു. പാർട്ടി സംസ്ഥാന കൗൺസിൽ ഓഫീസ് ബ്രാഞ്ച് ആക്ടിംഗ് സെക്രട്ടറി യു. വിക്രമൻ സ്വാഗതം പറഞ്ഞു.