
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനൊരുക്കിയ ദീപാലങ്കാരത്തിൽ വൈദ്യുതി കെണിയൊരുക്കി 51 കാരിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. 29 കാരനായ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാരക്കോണത്തിനടുത്ത് ത്രേസ്യാപുരത്ത് ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ത്രേസ്യാപുരം പ്ലാങ്കാലവിള ഫിലോമിനയുടെ മകൾ ശാഖാകുമാരിയാണ് (51) കൊല്ലപ്പെട്ടത്. ഭർത്താവ് ബാലരാമപുരം സ്വദേശി അരുൺ (29) കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഷോക്കേറ്റ് മരിച്ചെന്നു വരുത്തിതീർക്കാമെന്നാണ് പ്രതി കരുതിയത്.
ശാഖയുടെ പേരിലുള്ള എട്ടേക്കർ ഭൂമിയും വീടും ആഭരണങ്ങളും തട്ടിയെടുക്കാനാണ് കൊല നടത്തിയത്. കാരക്കോണത്ത് ഫെയർ ആൻഡ് ഫാഷൻ എന്നപേരിൽ ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു ശാഖ. രണ്ടു മാസം മുമ്പായിരുന്നു ശാഖ മുൻകൈയെടുത്ത് വിവാഹം നടത്തിയത്. അരുണിന്റെ ബന്ധുക്കൾ ആരും പങ്കെടുത്തിരുന്നില്ല. കൊലപാതകം നടന്ന ഭാര്യയുടെ വസതിയിലായിരുന്നു അന്നുമുതൽ താമസം.
ക്രിസ്‌മസ് അലങ്കാരവിളക്കുകൾ തെളിക്കാൻ വൈദ്യുതി മീറ്ററിൽനിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷൻ എടുത്തിരുന്നത്. ഇതുപയോഗിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ ശാസ്ത്രീയ പരിശോധനയിലേ ഇക്കാര്യം വ്യക്തമാവൂ. വൈദ്യുതാലങ്കാരത്തിൽ നിന്ന് പുലർച്ചെ ഷോക്കേറ്റെന്നാണ് കാരക്കോണം മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ അരുൺ പറഞ്ഞത്. എന്നാൽ മരണം വളരെ നേരത്തെ സംഭവിച്ചെന്ന് ഡോക്ടർമാർ കണ്ടെത്തിയതോടെ, ആശുപത്രി അധികൃതർ അരുണിനെ തടഞ്ഞുവച്ച് വെള്ളറട പൊലീസിന് കൈമാറുകയായിരുന്നു. മൃതദേഹത്തിൽ ചോരപ്പാടുകളും മൂക്കിൽ ചതവുമുണ്ടായിരുന്നു.ശാഖയുടെ മുറിയിലും ചോരപ്പാടുകളുണ്ടായിരുന്നു. വീടിനു പുറത്തുള്ള മീറ്ററിൽ ഘടിപ്പിച്ച കേബിളും മുറിയിൽ കണ്ടെത്തി.
ശാഖയുടെ കിടപ്പുരോഗിയായ വൃദ്ധമാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വൈദ്യുത മീറ്ററിൽനിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കെടുത്ത കണക്ഷൻ ശരീരത്തിൽ ബന്ധിപ്പിക്കാൻ ഏതാനും ദിവസം മുൻപ് അരുൺ ശ്രമിച്ചിരുന്നതായും ഇലക്ട്രിക് വയറുകൾ കണ്ട് ഭയന്ന് ശാഖ തന്നെ ഇത് വിച്ഛേദിച്ചതായും വീട്ടിലെ ഹോംനഴ്സ് രേഷ്‌മ വെളിപ്പെടുത്തി. ശാഖ ഷോക്കടിച്ച് കിടന്ന രീതി സംശയമുണ്ടാക്കുന്നതാണെന്നും മുറിയിൽ രക്തക്കറയുണ്ടായിരുന്നെന്നും ശാഖയുടെ സഹോദരന്റെ ഭാര്യ ഗ്രേസിയും പൊലീസിനോട് വെളിപ്പെടുത്തി.
ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽ കുമാർ, വെള്ളറട സി.ഐ എം. ശ്രീകുമാർ, എസ്.ഐ രാജ് തിലക് എന്നിവരുടെ നേതൃത്വത്തിൽ അരുണിനെ ചോദ്യംചെയ്യുകയാണ്.
ആശുപത്രി പരിചയം,
കാറും 10 ലക്ഷവും സമ്മാനം
തിരുവനന്തപുരം: മാതാവിനെ കരമനയിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുപോയപ്പോഴാണ് 51 കാരിയായ 29 കാരനായ അരുണിനെ പരിചയപ്പെട്ടത്. അതു പ്രണയമായി. മതാചാര പ്രകാരം ത്രേസ്യാപുരത്തെ കത്തോലിക്കാ പള്ളിയിൽ വച്ച് രണ്ടുമാസം മുൻപായിരുന്നു വിവാഹം. ശാഖയുടെ ആദ്യ വിവാഹമായിരുന്നു. വിവാഹത്തിന് പത്തുലക്ഷം രൂപയും കാറും അരുണിന് നൽകി. വിവാഹസമയത്ത് ശാഖ ധരിച്ചിരുന്ന അഞ്ചര ലക്ഷത്തിന്റെ ഡയമണ്ട് നെക്ലെസ് ഇപ്പോൾ കാണാതായിട്ടുണ്ട്. ശാഖയാണ് വിവാഹം നടത്താൻ മുൻകൈയെടുത്തത്. വിവാഹ ക്ഷണക്കത്ത് ഇല്ലായിരുന്നില്ലെങ്കിലും എല്ലാവരെയുംനേരിൽക്കണ്ട് ക്ഷണിച്ചിരുന്നു. വിവാഹദിവസം അരുണിന്റെ കൂടെ ആകെ അഞ്ച് സുഹൃത്തുക്കൾ മാത്രമാണെത്തിയത്. വീട്ടുകാരോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. ഇതു നാട്ടുകാരിൽ സംശയമുണർത്തിയിരുന്നു. വിവാഹബന്ധം രഹസ്യമായി സൂക്ഷിക്കാൻ അരുൺ ശ്രമിച്ചിരുന്നതായും നാട്ടുകാർ മൊഴിനൽകി.
വിവാഹ ദിവസം
തുടങ്ങിയ കലഹം
വിവാഹദിവസം തന്നെ ശാഖയുമായി ഉടക്കിലായിരുന്നു അരുൺ. റിസപ്ഷനിടെ ഇറങ്ങിപ്പോയ അരുൺ കാറുമായി സമീപ പ്രദേശങ്ങളിൽ കറങ്ങുകയായിരുന്നു. പിന്നീട് അസ്വാരസ്യങ്ങൾ പതിവായി. ദിവസങ്ങൾക്ക് മുമ്പ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നടപടിക്കായി പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു. വിവാഹഫോട്ടോ ശാഖ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതോടെ വഴക്ക് രൂക്ഷമായി. ഫോട്ടോ കണ്ട് കൂട്ടുകാർ തന്നെ അപമാനിച്ചെന്നു പറഞ്ഞായിരുന്നു വഴക്ക്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനെ ചൊല്ലിയും വഴക്കായിരുന്നു. ഇവർ തമ്മിൽ ആഴ്ചകളായി വഴക്കാണെന്ന് മൂന്ന് മാസമായി ശാഖയുടെ വീട്ടിലുണ്ടായിരുന്ന ഹോംനഴ്സ് രേഷ്‌മ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.
സ്വത്തിൽ നോട്ടമിട്ടപ്പോൾ പ്രായം മറന്നു
അപമാനം കൊലയ്ക്ക് പ്രേരിപ്പിച്ചു
തിരുവനന്തപുരം: ത്രേസ്യാപുരം സ്വദേശി ശാഖാകുമാരിയുടെ (51) വിവാഹം അറിഞ്ഞ് അമ്പരന്ന നാട്ടുകാർ അവരുടെ മരണം അറിഞ്ഞപ്പോൾ ശരിക്കും നടുങ്ങി. ആദ്യം ശാഖയ്ക്ക് ഷോക്കേറ്റതാണെന്ന് എല്ലാവരോടും പറഞ്ഞ ഭർത്താവ് ബാലരാമപുരം സ്വദേശി അരുൺ (29) പൊലീസിന്റെ ചോദ്യംചെയ്യലിൽ പിടിച്ചുനിൽക്കാനാവാതെ കുറ്റം സമ്മതിക്കുകയായിരുന്നു. രണ്ടുമാസം മുൻപ് മതാചാര പ്രകാരമായിരുന്നു വിവാഹമെങ്കിലും പിന്നീട് പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയെന്ന് കാര്യസ്ഥൻ വിജയകുമാർ പറഞ്ഞു.
ഭൂസ്വത്തിൽ കണ്ണുവച്ചായിരുന്നു ശാഖയെ വിവാഹം ചെയ്തതെങ്കിലും തമ്മിൽ വഴക്ക് പതിവായിരുന്നു. പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാർക്കുള്ള വിവരം. അരുണിന്റെ പെരുമാറ്റത്തിൽ ആദ്യംമുതലേ നാട്ടുകാർക്കു സംശയങ്ങളുണ്ടായിരുന്നു.
ഷോക്കേൽപിച്ചാണു കൊന്നതെന്നും വിവാഹമോചനം നടക്കാത്തതിനാലായിരുന്നു കൃത്യമെന്നും അരുൺ ഏറ്റുപറഞ്ഞെന്നാണു പൊലീസ് പറയുന്നത്.