death

മലയിൻകീഴ്: മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളി അല്ലൂരിൽ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി.

വിളവൂർക്കൽ വിഴവൂർ തെങ്ങുവിളാകം വീട്ടിൽ (മിച്ചഭൂമി) സജുവിന്റെ മകൻ എസ്.ദീപുവാണ് (21) മരിച്ചത്. മൃതദേഹത്തിന്റെ ഫോട്ടോ പൊലീസ് വീട്ടുകാരെ കാട്ടിയാണ് ആളെ തിരിച്ചറിഞ്ഞത്.

കൂടെയുണ്ടായിരുന്ന സുഹൃത്ത് തൃക്കണ്ണാപുരം ആറാമട കുന്നപ്പുഴ കൃഷ്ണകൃപയിൽ ബി.അരവിന്ദിന് (23,മിട്ടു) മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ജിയാപുരം പൊലീസിന്റെ കസ്റ്റഡിയിലാണ്. പൊലീസാണ് ഇരുവരെയും ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിച്ച് ആശുപത്രിയിലേക്ക് കാെണ്ടുപോയത്.

ആളില്ലാതിരുന്ന വീട്ടിൽ പൂട്ടുപൊളിച്ച് കയറാൻ ശ്രമിക്കവേ പിടികൂടി മർദ്ദിച്ചുവെന്നാണ് നാട്ടുകാർ വെളിപ്പെടുത്തിയത്. നാട്ടുകാരിൽ ചിലരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് കാറിലാണ് ഇരുവരും തമിഴ്നാട്ടിൽ എത്തിയത്.

നാട്ടിൽ വിളപ്പിൽശാല,പൂജപ്പുര പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്.വീട്ടിൽ വല്ലപ്പോഴും എത്താറുള്ള ദീപു നിരവധി കേസുകളിൽ പ്രതിയാണെന്ന് മലയിൻകീഴ് എസ്.ഐ.രാജേഷ് പറഞ്ഞു. 2019ൽ ഫോർട്ട് സ്റ്റേഷനിൽ കുത്ത് കേസിലും മലയിൻകീഴ് സ്റ്റേഷനിൽ അടിപിടി കേസിലും ദീപു പ്രതിയാണ്.വീട്ടിൽ വന്നിട്ട് ഒരു വർഷത്തോളമായെന്നാണ് മാതാവ് പൊലീസിനോട് പറഞ്ഞത്. വല്ലപ്പോഴും വീട്ടിൽ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.പിതാവ് ലോറി ഡ്രൈവറാണ്.മാതാവ് : സതി.സഹോദരൻ : ദിലീപ്.