kpcc

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് സംസ്ഥാന കോൺഗ്രസിലുടലെടുത്ത അസ്വസ്ഥതകൾ തീർക്കാനും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ സമൂലപരിഷ്‌കരണം ആലോചിക്കാനുമായി ഹൈക്കമാൻഡ് പ്രതിനിധികൾ തിരുവനന്തപുരത്തെത്തി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ,​ എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, പി.വി. മോഹൻ, പി. വിശ്വനാഥൻ,​ മഹിളാകോൺഗ്രസ് ചുമതലക്കാരിയായ കബിത എന്നിവരാണ് എത്തിയത്. ഇന്നും നാളെയുമായി ഇവർ സംസ്ഥാന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ സമൂല ശസ്ത്രക്രിയയ്‌ക്കും തയാറാണെന്ന സന്ദേശമാണ് ഹൈക്കമാൻഡ് നൽകിയത്. തൽക്കാലം നേതൃമാറ്റം ഇല്ലെങ്കിലും ഭൂരിഭാഗം ഡി.സി.സികളുടെ തലപ്പത്ത് മാറ്റം വന്നേക്കും. എം.പി, എം.എൽ.എമാർ ഡി.സി.സി പ്രസിഡന്റുമാരായ ജില്ലകളിൽ മാറ്റം ഉറപ്പാണ്. കെ.പി.സി.സി, ഡി.സി.സി തലങ്ങളിൽ പ്രവർത്തിക്കാത്ത ഭാരവാഹികളെ മാറ്റും. താരിഖ് അൻവർ മടങ്ങിയ ശേഷം എ.ഐ.സി.സി സെക്രട്ടറിമാർ എല്ലാ ജില്ലകളും സന്ദർശിച്ച് പ്രവർത്തകരുമായി വിശദമായ ചർച്ച നടത്തും. പാർട്ടിയുടെ എല്ലാ തലങ്ങളുടെയും പ്രവർത്തനം പരിശോധിച്ച് സമഗ്രമായ റിപ്പോർട്ടാണ് ഹൈക്കമാൻഡ് തേടിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാവും മാറ്റങ്ങൾ.

ഇന്ന് രാവിലെ ആദ്യം രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായി താരിഖ് അൻവർ വ്യക്തിഗത കൂടിക്കാഴ്ച നടത്തും. അതിനുശേഷം എം.പിമാരെയും എം.എൽ.എമാരെയും കെ.പി.സി.സി ഭാരവാഹികളെയും ഒറ്റയ്ക്കൊറ്റയ്ക്ക് കാണും. ഇവരുടയും ജില്ലാതലങ്ങളിലെയും അഭിപ്രായങ്ങൾ സ്വരൂപിച്ചാവും അന്തിമറിപ്പോർട്ട്.

സ്വർണ്ണക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ സർക്കാരിനെതിരെ ശക്തമായി ഉയർന്നിട്ടും തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയമുണ്ടാകാത്തതാണ് പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. കെ.പി.സി.സി പുന:സംഘടനാവേളയിൽ ഉയർന്ന അതൃപ്തി, തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തോടെ നേതാക്കൾ തമ്മിലുള്ള പരസ്യമായ വിഴുപ്പക്കലിലേക്ക് കാര്യങ്ങളെത്തിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ ചേർന്ന രാഷ്ട്രീയകാര്യ സമിതിയിൽ രൂക്ഷമായ കടന്നാക്രമണമാണ് നേതൃത്വത്തിനെതിരെ ഉണ്ടായത്. അതിന്റെ തുടർചലനങ്ങൾ ഇന്നും നാളെയുമായി നടക്കുന്ന കൂടിക്കാഴ്ചകളിൽ പ്രതീക്ഷിക്കുന്നുണ്ട്.

രണ്ട്, മൂന്ന് ദിവസമായി കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ജില്ലാതല അവലോകനയോഗങ്ങളും സംഘർഷഭരിതമാവുകയാണ്. 24ന് രാത്രി വൈകി തിരുവനന്തപുരം ജില്ലായോഗത്തിൽ സംഘർഷം പാരമ്യത്തിലെത്തിയപ്പോൾ നേതാക്കൾ ഇടപെട്ട് മറ്രൊരു ദിവസം ചേരാൻ നിശ്ചയിച്ച് പിരിയുകയായിരുന്നു.

കെ.പി.സി.സി ജനറൽസെക്രട്ടറി പാലോട് രവി കെ.പി.സി.സി പ്രസിഡന്റിനെ വിമർശിച്ചായിരുന്നു തുടക്കം. വി.എസ്. ശിവകുമാറും അതുപോലെ പ്രതികരിച്ചതോടെ ചിലർ കൂട്ടത്തോടെ ശിവകുമാറിനും ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിനും നേർക്ക് തിരിഞ്ഞു. അഴിമതിയാരോപണമടക്കം ഉയർന്നതോടെ തർക്കം രൂക്ഷമായി. കോഴ വാങ്ങി സീറ്ര് നൽകിയെന്ന ആക്ഷേപമാണ് ജില്ലയിലെ പ്രമുഖർക്കെതിരെ സംഘടിതമായി ഉയർന്നത്. പതിവ് മുഖങ്ങളെ മാറ്റി നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ പരിഗണിക്കണമെന്ന് ആറ്റിപ്ര അനിൽ നിർദ്ദേശിച്ചെങ്കിലും മുതിർന്ന നേതാക്കൾ എതിർത്തതോടെ തർക്കമായി.