നെടുമങ്ങാട്:കോളേജ് വിദ്യാഭ്യാസ കാലത്ത് തികഞ്ഞൊരു എസ്.എഫ്.ഐക്കാരനായിരുന്നു, തൊടുപുഴ മലങ്കര ഡാമിൽ മുങ്ങിമരിച്ച നടൻ അനിൽ പി.നെടുമങ്ങാട്. സംഘടനാ രംഗത്തും കലാസാംസ്കാരിക മേഖലകളിലും നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ സജീവ സാന്നിദ്ധ്യം. യൂണിയൻ ഭാരവാഹിത്വത്തിലേക്കും ആർട്സ് ക്ളബ് സെക്രട്ടറി സ്ഥാനത്തേക്കും നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോഴൊക്കെ ഒഴിഞ്ഞുമാറി.കോളേജ് കാമ്പസ് ഉൾപ്പെടുന്ന അരശുപറമ്പ് തോട്ടുമുക്കിലെ ജയശ്രീ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലും മുൻനിര പ്രവർത്തകൻ.അവിടെയും സ്ഥാനമാനങ്ങളിൽ നിന്നും ഒഴിഞ്ഞുനിന്നു. പഠനം കഴിഞ്ഞ് തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിൽ പരിശീലനത്തിന് ചേർന്നതോടെയാണ് സജീവ രാഷ്ട്രീയത്തിന് അവധി നൽകിയത്. അപ്പോഴും സിനിമാത്തിരക്കിൽ നിന്ന് മടങ്ങി എത്തിയാൽ ആദ്യം ചോദിക്കുക നാട്ടിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചാവും. നെടുമങ്ങാട് അന്താരാഷ്ട്ര കാർഷിക മൊത്തവ്യാപാര വിപണിയുടെ തകർച്ചയും വോളിബോളിന് പേരുകേട്ട നഗരത്തിൽ ഒരു കളിസ്ഥലം ഇല്ലെന്ന പരിഭവവും മുഖ്യധാരാ പാർട്ടി നേതാക്കളോടും ജനപ്രതിനിധികളോടും പതിവായി ഉന്നയിക്കാറുണ്ട്. നെടുമങ്ങാട് നഗരസഭയുടെ ആദ്യ കൗൺസിലിൽ അംഗമായിരുന്ന സി.പി.എം നേതാവ് പീതാംബരൻ നായരുടെ രണ്ടു മക്കളിൽ ഇളയവൻ. സഹോദരൻ ആനന്ദ് എം.ബി.ബി.എസ് ഡോക്ടറാണ്.ആനന്ദിന്റെ വഴിയേ അനിലിനെയും ഒരു ഡോക്ടറോ എൻജിനിയറോ ആക്കണമെന്നതായിരുന്നു ഉറ്റവരുടെ മോഹം.എന്നാൽ,രണ്ടു തവണ കൗൺസിലറായ പീതാംബരൻ നായരുടെ പിൻഗാമിയായി അച്ഛന്റേതുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ഗോദകളിൽ പ്രവർത്തിച്ചു പരിചയമുള്ള അനിൽ ഒരുനാൾ നഗരസഭ കൗൺസിലിൽ എത്തുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. അനിലിന്റെ കുടുംബത്തിൽ നിന്ന് ആരെങ്കിലും ഒരാൾ കൗൺസിലിൽ എത്താത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പുകളില്ല. അമ്മയുടെ സഹോദരിയും അനുജനും ബന്ധുക്കളും മാറിമാറി വന്ന കൗൺസിലുകളിൽ അംഗങ്ങളായിട്ടുണ്ട്. 'അയ്യപ്പനും കോശിയും" എന്ന സിനിമയിൽ സി.ഐ രതീഷ് എന്ന കഥാപാത്രത്തെ അനശ്വരമാക്കാൻ സഹായിച്ചത് തന്റെ രാഷ്ട്രീയ ബോധവും ചരിത്ര പഠനവുമാണെന്ന് അനിൽ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.എല്ലാ തിരഞ്ഞെടുപ്പിലും കൃത്യമായി വോട്ട് ചെയ്യാൻ എത്തുന്ന അനിലിന് ഇത്തവണ വോട്ട് ചെയ്യാൻ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു. പൃഥ്വിരാജ് നായകനായ കോൾഡ് കേസ് എന്ന സിനിമയുടെ ലൊക്കേഷനിൽ കൊവിഡ് പ്രോട്ടോക്കോൾ കാരണം പുറത്തിറങ്ങാൻ സാധിച്ചില്ല.ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി 'പീസ്" എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് മലങ്കര ഡാമിൽ ജീവൻ പൊലിഞ്ഞത്.
വിയോഗം വിശ്വസിക്കാനാവാതെ
നാടക പ്രവർത്തകനും ടി.വി ഷോ അവതാരകനുമായി അഭിനയ ജീവിതം തുടങ്ങിയ അനിലിന് വിപുലമായ സുഹൃത് വലയമാണ് ഉണ്ടായിരുന്നത്. അയ്യപ്പനും കോശിയും അടക്കം അനിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ച സിനിമകൾ നെടുമങ്ങാട്ടെ തിയേറ്ററുകളെ ആഘോഷ വേദികളാക്കി മാറ്റിയത് ഈ സുഹൃത്ത് വലയമാണ്.അപ്രതീക്ഷിത വിയോഗം വിശ്വസിക്കാൻ ഇപ്പോഴും പലർക്കും സാധിച്ചിട്ടില്ല.പോസ്റ്റുമോർട്ടത്തിന് ശേഷം രാത്രി ഒമ്പതരയോടെ കുടുംബവീടായ നെടുമങ്ങാട് അരശുപറമ്പ് കുഴിവിള സുരഭിയിൽ എത്തിച്ച അനിലിനെ അവസാനമായി ഒരുനോക്ക് കാണാൻ സിനിമ- നാടക പ്രവർത്തകരും വിദ്യാർത്ഥി- യുവജന നേതാക്കളും ഉൾപ്പെടെ വൻ ജനാവലി തടിച്ചു കൂടിയിരുന്നു. വാർഡ് കൗൺസിലർ പി.രാജീവും ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.