വെഞ്ഞാറമൂട്: അപ്പാർട്ട്മെന്റിൽ വാടകയ്‌ക്ക് താമസിക്കുന്ന ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് കുന്നിൽ ഹൈപ്പർ മാർക്കറ്റിന് സമീപത്തുള്ള അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പേരയം ചെല്ലഞ്ചി ആർ.എസ് ഭവനിൽ ശ്രീജിത്ത് (37), ഭാര്യ ധന്യ ( 35 ), മക്കൾ ധ്യാൻ (5) ദക്ഷിത് (10 മാസം ) എന്നിവരെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടത്. വെള്ളിയാഴ്ച രാത്രി 11നായിരുന്നു സംഭവം. കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ നാലുപേരെയും പൊളളലേറ്റ നിലയിൽ കണ്ടത്. തുടർന്ന് ശ്രീജിത്തിനെയും കുട്ടികളെയും വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും ധന്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ധന്യയ്‌ക്കും ധ്യാനിനും ഗുരുതരമായി പൊള്ളലേറ്റു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി നെടുമങ്ങാട് സെന്ററിലെ ജീവനക്കാരനാണ് ശ്രീജിത്ത്. ആത്മഹത്യാ ശ്രമമാണെന്നും സാമ്പത്തിക വിഷയമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു.