
കൊല്ലം: റവന്യൂ മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി കൊല്ലം പാലത്തറ നിഹാരികയിൽ ദിലീപ് തമ്പി (57) പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ ഏഴിന് ആശ്രാമം മൈതാനത്ത് നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ ദിലീപിനെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സർവേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം, ഐപ്‌സോ ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. മൗണ്ടനിയറിംഗ് - പാരാഗൈഡിംഗ് സംഘടനകളിൽ പ്രവർത്തിച്ച ദിലീപ് തമ്പി സാംസ്കാരിക രംഗത്തും സജീവമായിരുന്നു. സർവേ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിലീപ് സൂര്യനെല്ലി എസ്റ്റേറ്റ്, മൂന്നാറിലെ റ്റി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ജോലി ചെയ്‌തതിന് ശേഷമാണ് സർവേ വകുപ്പിൽ പ്രവേശിച്ചത്. ഉച്ചയ്ക്ക് രണ്ടിന് വീട്ടിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ മന്ത്രി കെ. രാജു, എം.എൽ.എമാരായ മുല്ലക്കര രത്‌നാകരൻ, ചിറ്റയം ഗോപകുമാർ, ജി.എസ്. ജയലാൽ, എം. നൗഷാദ്, ജില്ലാ കളക്ടർ ബി. അബ്ദുൽനാസർ, സി.പി.ഐ കേന്ദ്ര കമ്മിറ്റിയംഗം എൻ. അനിരുദ്ധൻ, ജെ. ചിഞ്ചുറാണി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് അഞ്ചരയോടെ പോളയത്തോട് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ഭാര്യ: വീണ (ചിറക്കര പഞ്ചായത്ത് ഹെഡ് ക്ലാർക്ക്). മക്കൾ: ആർച്ച നിഹാരിക ദിലീപ് (പുത്തൂർ എസ്.എൻ ആയുർവേദ കോളേജ് വിദ്യാർത്ഥി), സാന്ദ്രാ നിഹാരിക ദിലീപ് (തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥി).