
തിരുവനന്തപുരം: പ്രാദേശിക തലങ്ങളിൽ പാർട്ടിയുടെ ശക്തിക്കനുസരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളിൽ അർഹമായ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ പദവികൾ മുന്നണിയിൽ ചോദിച്ച് വാങ്ങണമെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് കീഴ്ഘടകങ്ങളോട് നിർദ്ദേശിച്ചു. ത്രിതല പഞ്ചായത്തുകളിൽ തിരഞ്ഞെടുക്കപ്പെട്ട പദവികളിൽ 2015ൽ നേടിയതിനേക്കാൾ 54 എണ്ണം കുറഞ്ഞതായി ഇന്നലെ വിവിധ ജില്ലകളിൽ നിന്നുള്ള അവലോകനങ്ങൾ ചർച്ച ചെയ്ത പാർട്ടി വിലയിരുത്തി. മുന്നണി വിപുലീകരിച്ചപ്പോൾ ചില വിട്ടുവീഴ്ചകൾ ചെയ്തത് ബാധിച്ചിട്ടുണ്ട്. കുറവുകളുണ്ടായത് വിശദമായി പരിശോധിച്ച് പോരായ്മകൾ പരിഹരിക്കണമെന്നാണ് നിർദ്ദേശം.
ജില്ലാ, ബ്ലോക്ക് ഡിവിഷനുകളിൽ സി.പി.ഐക്ക് ഇത്തവണ മെച്ചപ്പെട്ട വിജയമാണ്. മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് നേട്ടം. ഇടതുമുന്നണിക്കും മുന്നേറ്റമുണ്ടായി. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വരവ് മുന്നണിക്കും പാർട്ടിക്കും ഗുണകരമായിട്ടുണ്ട്.
പദവികൾ പങ്കിടുന്നതിലെ തർക്കങ്ങൾ അതതിടങ്ങളിൽ പരിഹരിച്ച് പോകാനാണ് നിർദ്ദേശം. മുന്നണിയുടെ കെട്ടുറപ്പ് നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിറുത്തി മുന്നോട്ട് പോകണമെന്നും സംസ്ഥാന എക്സിക്യൂട്ടീവ് നിർദ്ദേശിച്ചു.