
തിരുവനന്തപുരം : ആര്യാ രാജേന്ദ്രനെ അനുമോദിച്ച് വാർഡിൽ ജനിച്ചുവളർന്ന മലയാളത്തിന്റെ സ്വന്തം മോഹൻലാലും. ലാലിന്റെ വിളിയെത്തിയതോടെ ആര്യയും ആഹ്ലാദത്തിലായി. ഇന്നലെ രാവിലെ 11.30 ഓടെയാണ് മോഹൻലാൽ വിളിച്ചത്. പ്രദേശത്തെ മോഹൻലാൽ ഫാൻസിന്റെ പ്രവർത്തനായ സുജിത് മുഖാന്തിരമാണ് വിളിയെത്തിയത്. മേയർ സ്ഥാനാർത്ഥിയായത് മുതൽ ആര്യയുടെ മൊബൈൽ നില്ക്കാതെ മുഴങ്ങുകയാണ്. രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ അനുമോദനങ്ങൾ പ്രവഹിക്കുകയാണ്. വാർഡിലെ താമസക്കാരനായ കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താനും ഇന്നലെ ആര്യയെ വിളിച്ചു. ഉണ്ണിത്താന്റെ ഭാര്യയും ആര്യയ്ക്ക് ആശംസ അറിയിച്ചു. കണ്ണൂരിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനും ആര്യയെ വിളിച്ചു. എം.പിമാരായ എം.എ.ആരിഫ്, ടി.എൻ.പ്രതാപൻ തുടങ്ങിയവർ ആര്യക്ക് അഭിനന്ദനമറിയിച്ചു.
മോഹൻലാൽ: ഹലോ നമസ്തേ
ആര്യ: (ഏറെ ആഹ്ളാദത്തോടെ) ലാലേട്ടാ നമസ്കാരം
മോഹൻലാൽ: ഒരുപാട് സ്നേഹം, പ്രാർത്ഥന, അഭിനന്ദനങ്ങൾ
ആര്യ: തീർച്ചയായും വലിയ സന്തോഷം, ലാലേട്ടന്റെ വീട്ടിന് തൊട്ട് അടുത്താണ് എന്റെ വീട്, എല്ലാവരും വീട് എവിടെയാണെന്ന് ചോദിക്കുമ്പോൾ പറയുന്നതും അതാണ്.
മോഹൻലാൽ: ഞാൻകുറച്ചു നാളായി അവിടെ വന്നിട്ട്.നമുക്കെല്ലാം ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരം, അതിനെ ഏറ്റവും മനോഹരമാക്കിമാറ്റാൻ കിട്ടിയ സന്ദർഭമാണ്.
ആര്യ:തീർച്ചയായും നന്നായിട്ട് കൊണ്ടുപോകാൻ കഴിയുമെന്നാണ് വിശ്വാസം.നാട്ടിലേക്ക് വരുമ്പോൾ നേരിൽ കാണാം.