തിരുവനന്തപുരം: ചാക്കയിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ രണ്ട് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്‌തു. പേട്ട ലോക്കൽ കമ്മിറ്റിയംഗം പ്രദീപ്, പ്രവർത്തകനായ ഹരികൃഷ്‌ണൻ എന്നിവർക്കാണ് വെട്ടേറ്റത്. ബി.ജെ.പി പ്രവർത്തകരും വഞ്ചിയൂർ സ്വദേശികളുമായ സുരേഷ് കുമാർ(43), അതുൽ (34) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 25ന് വൈകിട്ട് 7.30നായിരുന്നു സംഭവം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പ്രദേശത്ത് ചെറിയ രീതിയിൽ സംഘർഷം നിലനിന്നിരുന്നു. കഴിഞ്ഞദിവസം ചാക്ക വൈ.എം.എ സോഷ്യൽ ലൈബ്രറിയിൽ വച്ചാണ് സംഭവം. രാഷ്ട്രീയ തർക്കത്തിന്റെ പേരിൽ പ്രതികൾ ലൈബ്രറിയിലിരുന്ന പ്രദീപിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് ഹരികൃഷ്‌ണന് വെട്ടേറ്റത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദീപിന്റെ തലയുടെ പിറകിലും ഹരികൃഷ്‌ണന്റെ കാലിലും കൈയിലുമാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പേട്ട ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാക്ക ജംഗ്ഷനിൽ ഇന്നലെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സി.പിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ മേയർ കെ. ശ്രീകുമാർ, വഞ്ചിയൂർ ഏരിയാ സെക്രട്ടറി ലെനിൻ തുടങ്ങിയവർ പങ്കെടുത്തു. സി.പി.എം പ്രവർത്തകർ ബി.ജെ.പി പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം നടത്തിയെന്നും കൊടിമരങ്ങൾ തകർത്തതായും ബി.ജെ.പി ആരോപിച്ചു. സ്ഥലത്ത് സംഘാർഷവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.