
തിരുവനന്തപുരം : കോർപറേഷൻ മേയർ സ്ഥാനാർത്ഥിയായി ആര്യാ രാജേന്ദ്രന് നറുക്ക് വീണത് തികച്ചും അവിചാരിതമായി. സാദ്ധ്യതാ പട്ടികയിൽ എറ്റവും അവസാന പേരുകാരിയായിരുന്നെങ്കിലും പൊടുന്നനെ അത് ഒന്നാമതെത്തി. പരിചയസമ്പത്തും മറ്റ് മാനദണ്ഡങ്ങളും പരിഗണിച്ചെങ്കിലും അവസാന റൗണ്ടിൽ യുവത്വത്തിന് മാത്രമായി മുൻതൂക്കം. ഇതാണ് ഇരുപത്തിയൊന്നുകാരിയായ ആര്യയിലേക്ക് പാർട്ടിയെ എത്തിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അതിന് ആക്കം കൂട്ടി.
പേരൂർക്കട വാർഡ് കൗൺസിലർ ജമീലാ ശ്രീധർ മേയറാകുമെന്നായിരുന്നു ഫലപ്രഖ്യാപനം വന്നതുമുതൽ പാർട്ടിയിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നത്. വഞ്ചിയൂരിലെ ഗായത്രി ബാബുവായിരുന്നു തൊട്ടുപിന്നിൽ. തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർത്ഥിയെ സി.പി.എം മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും കുന്നുകുഴിയിൽ മത്സരിച്ച എ.ജി.ഒലീന മേയറാകാൻ സാദ്ധ്യതയുണ്ടായിരുന്നു എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകിയിരുന്ന വിവരം. അല്ലെങ്കിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ എസ്.പുഷ്‌പലതയ്ക്കും സാദ്ധ്യത കൽപ്പിച്ചിരുന്നു. എന്നാൽ ഇരുവരും തോറ്റു. ഇതോടെയാണ് ജമീല ശ്രദ്ധാകേന്ദ്രമായത്. ഇതിനിടെ യുവത്വമെന്ന നിലയ്ക്ക് നന്തൻകോട് വാർഡ് കൗൺസിലർ ഡോ. കെ.എസ്.റീനയെ മേയറാക്കാമെന്ന തരത്തിൽ ചർച്ചകൾ ഉയർന്നു. അപ്പോഴും ആര്യ ചിത്രത്തിലില്ല.
എന്നാൽ മേയർ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിലൂടെ രാഷ്ട്രീയ നേട്ടവും സി.പി.എം ഉന്നംവച്ചതോടെ ആര്യ കളം പിടിച്ചു. മേയർ സ്ഥാനം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടവർക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം നൽകിയേകും. മേയർ കസേര കൈവിട്ടുപോയവർ നിരാശരാകാൻ തയ്യാറല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മേയറെ മാറ്റി പരീക്ഷിക്കാൻ പാർട്ടി തയ്യാറായേക്കും എന്നാണ് ചിലരുടെ പ്രതീക്ഷ.