pk-raju

തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി സി.പി.ഐയിലെ പി.കെ.രാജുവിനെ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തിരഞ്ഞെടുത്തു. ഇന്നലെ വൈകിട്ട് ജോയിന്റ് കൗൺസിൽ ഹാളിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മറ്റു പേരുകളൊന്നും യോഗത്തിൽ ഉയർന്നുവന്നില്ലെന്നാണ് വിവരം. നാളെ ഉച്ചയ്ക്ക് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായ രാജുവും യോഗത്തിലുണ്ടായിരുന്നു. ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ പേര് അവതരിപ്പിച്ചപ്പോൾ 17അംഗ കമ്മിറ്റിയിൽ നിന്ന് മറ്റു നിർദ്ദേശങ്ങളൊന്നും ഉയർന്നില്ല.പട്ടം വാർഡ് കൗൺസിലറാണ് രാജു. ആദ്യഘട്ടത്തിൽ അമ്പലത്തറയിൽ നിന്നു ജയിച്ച സുലോചനനെയും ഡെപ്യൂട്ടിമേയർ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു.പാർട്ടി ജില്ലാ കമ്മിറ്റി അംഗവും മുതിർന്ന നേതാവുമാണ് സുലോചനൻ. കഴിഞ്ഞ കൗൺസിലിൽ ഡെപ്യൂട്ടിമേയറായിരുന്ന രാഖി രവികുമാറിന് വേണ്ടിയും പാർട്ടിയിൽ ശബ്ദങ്ങൾ ഉയർന്നിരുന്നു.എന്നാൽ അവസാനം രാജുവിലേക്ക് പാ‌ർട്ടി എത്തുകയായിരുന്നു. പട്ടം വാർഡിൽ നിന്നും 1,280വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.കെ.രാജു വിജയച്ചത്.പൊതുപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ രാജു നാല് പതിറ്റാണ്ടുകളായി പൊതുരംഗത്തെ സജീവമാണ്.എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം കൂടിയാണ്. തിരുവനന്തപുരം ഡെവലപ്‌മെന്റ് അതോറിട്ടി എക്‌സിക്യൂട്ടീവ് അംഗം,കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷൻ തിരുവനന്തപുരം താലൂക്ക് പ്രസിഡന്റ്,തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി അംഗം, കേരളാ പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡന്റുമാണ്. ഭാര്യ ഷീല രാജ്. മക്കൾ തൃപ്തി രാജ്, ലെനിൻ രാജ്.