
തിരുവനന്തപുരം:മാരകമായ ലഹരിവസ്തുവായ എം.ഡി.എം.എ എന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. ബീമാപള്ളി ഈസ്റ്റ് വാർഡിൽ വടുവത്ത് ക്ഷേത്രത്തിന് സമീപം മരപ്പാലം ആറ്റരികത്തുവീട്ടിൽ അരുണിനെയാണ് (22) ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻഫോഴ്സ് (ഡാൻസാഫ്) ടീമിന്റെ സഹായത്തോടെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നു വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5 ഗ്രാം എം.ഡി.എം.എയും പൊലീസ് കണ്ടെടുത്തു. ചെറിയ അളവിൽ ഉപയോഗിച്ചാലും വളരെനേരത്തേക്ക് ലഹരി ലഭിക്കുന്ന എം.ഡി.എം.എ മയക്കുമരുന്ന്,ചില ആഡംബരഹോട്ടലുകളിലും രഹസ്യകേന്ദ്രങ്ങളിലും നിശാപാർട്ടികൾക്കാണ് സാധാരണ ഉപയോഗിക്കുന്നത്. പിടിയിലായ അരുൺ, എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ ലഹരിമരുന്നുകൾ ബംഗളൂരുവിൽ നിന്നും വാങ്ങി വൻ വിലയ്ക്ക് കോവളം കേന്ദ്രീകരിച്ച് ടൂറിസ്റ്റുകൾക്കും നഗരത്തിലെ ചില സമ്പന്നരായ കോളേജ് വിദ്യാർത്ഥികൾക്കുമിടയിലാണ് വിൽപ്പന നടത്തുന്നത്.ഒരു ഗ്രാമിന് 3000 മുതൽ 5000 രൂപ വരെ ആവശ്യക്കാരിൽ നിന്നു വില ഈടാക്കിയാണ് വിൽപ്പന. സിറ്റി പൊലീസ് നടത്തുന്ന നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് മുട്ടത്തറ പാലത്തിനടുത്ത് നിന്ന് ഇയാൾ പിടിയിലായത്.പ്രതിയുടെ ഫോൺ നമ്പർകേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതായി ഡെപ്യൂട്ടി കമ്മീഷണർ ഡോ.ദിവ്യ വി.ഗോപിനാഥ് അറിയിച്ചു. ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്,എസ്.ഐ വിമൽ,ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐഗോപകുമാർ,എ.എസ്.ഐ ബാബു, എസ്.സി.പി.ഒ മാരായ സജികുമാർ, ഷിബു, വിനോദ്, നാജി ബഷീർ, അരുൺ, രഞ്ജിത്ത്, ഷിബു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.