തിരുവനന്തപുരം:വെള്ളിത്തിരയിലും അരങ്ങിലും കരുത്തുറ്റ കഥാപാത്രങ്ങളായി മാറിയ പ്രിയനടൻ അനിൽ നെടുമങ്ങാട് ചേതനയറ്റ് മുന്നിലെത്തിയപ്പോൾ കണ്ണീരടക്കാനാകാതെ സുഹൃത്തുക്കളും ആരാധകരും വിങ്ങിപ്പൊട്ടി. അനിലിന്റെ മൃതദേഹം ഭാരത് ഭവനിൽ പൊതുദർശനത്തിനെത്തിപ്പോൾ വേദന നിയന്ത്രിക്കാൻ പലർക്കും കഴി‌ഞ്ഞില്ല. കലാസാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തി.
തൊടുപുഴ മലങ്കര ജലാശയത്തിൽ വെള്ളിയാഴ്ച വൈകിട്ട് മുങ്ങിമരിച്ച അനിൽ നെടുമങ്ങാടിന്റെ മൃതദേഹം ഇന്നലെ രാത്രിയാണ് അനിലിന്റെ നാടക പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്ന തലസ്ഥാനത്ത് എത്തിച്ചത്. അവസാനമായി അനിൽ എത്തിയപ്പോൾ നാടക,സിനിമാ രംഗങ്ങളിലെ സഹപ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരും അന്ത്യാഞ്ജലിയുമായി എത്തി. അനിലിനൊപ്പം ദീർഘകാലം നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന സുഹൃത്തുക്കളിൽ പലരും സങ്കടമടക്കാൻ കഴിയാതെയാണ് യാത്രാമൊഴിയേകിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, ചലച്ചിത്ര നിർമാതാവ് ജി. സുരേഷ്‌കുമാർ, നടന്മാരായ മണിയൻപിള്ള രാജു, അലൻസിയർ, നടി മാലാ പാർവതി,ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി,പാലോട് രവി,വി.വേണു,ഡി.വൈ എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം, കെ.എ.എൽ ചെയർമാൻ കരമന ഹരി, ഭാരത്‌ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ്, റോബിൻ സേവ്യർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.