
വർക്കല: കോടികൾ ചെലവഴിച്ച് വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച വർക്കല മൈതാനം റെയിൽവേ അടിപ്പാതയുടെ പാർശ്വ ഭിത്തികൾ സംരക്ഷണമില്ലാതെ നശിക്കുന്നു. ലോക ബാങ്ക് പദ്ധതിയിലുൾപ്പെടുത്തി കോടികൾ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് വർക്കലയിൽ അടിപ്പാത നിർമ്മിച്ചത്. വർക്കല മൈതാനം റെയിൽവേ ഗേറ്റ് വഴി കടന്നുപോകുന്ന വർക്കല - കല്ലമ്പലം റോഡ് ഗതാഗതം റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയതിനെത്തുടർന്നാണ് ബദൽ സംവിധാനമെന്ന നിലയിൽ സംസ്ഥാന സർക്കാർ അടിപ്പാത കോടികൾ ചെലവഴിച്ച് നിർമ്മിച്ചത്. 2003നാണ് ഗതാഗതത്തിനായി തുറന്നു നൽകിയത്. അടിപ്പാതയുടെ അറ്റകുറ്റപ്പണികളും ഇതോടനുബന്ധിച്ചുള്ള പാർശ്വഭിത്തികളുടെ സംരക്ഷണവും ഉറപ്പാക്കേണ്ട പൊതുമരാമത്ത് വകുപ്പ് ഇത്തരം കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നതായാണ് ആക്ഷേപം. കാട്ടു ചെടികളുടെ വേരുകൾ പാർശ്വഭിത്തിക്കുള്ളിലേക്ക് താഴ്ന്നിറങ്ങുന്നത് നിമിത്തം പാർശ്വഭിത്തികൾ വിണ്ടുകീറുകയും പലയിടത്തും കോൺക്രീറ്റ് പാളികൾ ഇളകിവീഴുകയും ചെയ്യുന്നുണ്ട്. പാർശ്വഭിത്തികളുടെ ബലക്ഷയത്തിന് ഇത് കാരണമാകുന്നു. ശിവഗിരി തീർത്ഥാടനം, കർക്കടക വാവുബലി തുടങ്ങി വിശേഷ വേളകളിൽ മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഭിത്തികളിൽ വളർന്നുനിൽക്കുന്ന കാട്ടു ചെടികളുടെ ശിഖരങ്ങൾ മാത്രമാണ് വെട്ടിമാറ്റുന്നത്. അടിവേരുകൾ നീക്കം ചെയ്യാത്തതുമൂലം ഇവ വീണ്ടും കിളിർത്ത് പടർന്നു പന്തലിക്കും. ഇതു സംബന്ധിച്ച് നിരവധി തവണ വർക്കലയിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ, ജനപ്രതിനിധികൾ എന്നിവർ ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും ശാശ്വതമായ പരിഹാരം കാണാൻ അധികൃതർക്ക് കഴിയുന്നില്ല.
കാട്ടുചെടികൾ മൂടി അടിപ്പാത പാർശ്വഭിത്തിയിൽ വിള്ളലുകൾ വീണു
മഴക്കാലത്ത് അടിപ്പാതയിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു
നിർമ്മാണത്തിലും അപാകത
റെയിൽവേ മേൽപ്പാലം നിർമ്മാണത്തിലും അപാകതകൾ ഏറെയുണ്ട്. പാലത്തിന്റെ വിടവിലൂടെ മലിനജലം താഴെ ഒലിച്ചിറങ്ങി പ്രധാന റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതും പതിവാണ്. പാർശ്വഭിത്തിയുടെ മുകളിലുള്ള കോൺക്രീറ്റ് പാളികൾ അപ്പോഴും ഇളകി റോഡിലേക്ക് പതിക്കുന്നതും പതിവാണ്.
അവഗണിക്കപ്പെടുന്ന ആവശ്യം
പാർശ്വഭിത്തികളുടെ സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം തന്നെ, അടിപ്പാതയിലെ പാർശ്വ ഭാഗത്തുള്ള നടപ്പാത കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനും, സ്ലാബുകൾ ഒരേ നിലയിൽ ഉറപ്പിക്കണമെന്നാവശ്യവും ശക്തമാണ്. ഈ നട നടപ്പാതയിൽ സംരക്ഷണ വേലി സ്ഥാപിക്കണമെന്ന പൊതു ആവശ്യവും പരിഹരിക്കപ്പെടുന്നില്ല.