
വിതുര: ക്രിസ്മസ് ആഘോഷിക്കുന്നതിനായി പൊൻമുടിയിൽ ആയിരങ്ങൾ എത്തി. രാവിലെ മുതൽ ആരംഭിച്ച സഞ്ചാരികളുടെ ഒഴുക്ക് രാത്രിവരെ നീണ്ടു. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരത്തിൽപ്പരം പേരാണ് പൊൻമുടി മലകയറിയത്. രണ്ടായിരത്തിൽപ്പരം വാഹനങ്ങൾ എത്തിയതോടെ അപ്പർ സാനിറ്റോറിയം മുതൽ കമ്പിമൂട് വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. സഞ്ചാരികളുടെ തിരക്ക് മൂലം പൊൻമുടി - കല്ലാർ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വിതുര സി.ഐ എസ്. ശ്രീജിത്തും, പാലോട് റേഞ്ച് ഒാഫീസർ അജിത്കുമാറും ചേർന്ന് ഏറെ പണിപ്പെട്ടാണ് സഞ്ചാരികളെ നിയന്ത്രിച്ചത്. രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെയാണ് പൊൻമുടിയിൽ സഞ്ചാരികൾക്ക് സന്ദർശനം അനുവദിച്ചിട്ടുള്ളത്. സഞ്ചാരികളുടെ വൻ തിരക്ക് മൂലം കല്ലാറിൽ നിയന്ത്രണം ഏർപ്പെടുത്തി. ആയിരക്കണക്കിന് പേർ പൊൻമുടി സന്ദർശിക്കാൻ കഴിയാതെ നിരാശരായി മടങ്ങി. ഇന്നലെയും ആയിരങ്ങളാണ് പൊൻമുടി സന്ദർശനം നടത്തിയത്. നൂറുകണക്കിന് പേരേ കല്ലാറിൽ വച്ച് മടക്കി അയച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വനം വകുപ്പും പൊലീസും നിർദ്ദേശം നൽകുന്നുണ്ടെങ്കിലും സാമൂഹികഅകലം പാലിക്കാതെയാണ് സഞ്ചാരികളുടെ സന്ദർശനം. പൊൻമുടിക്ക് പുറമേ വിതുര മേഖയിലെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തിരക്ക് വർദ്ധിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒൻപത് മാസമായി അടഞ്ഞുകിടന്ന പൊൻമുടി 19 നാണ് തുറന്നത്. ഇതുവരെ അമ്പതിനായിരത്തിൽ പരം പേരാണ് പൊൻമുടിയിൽ സന്ദർശനം നടത്തിയത്. വിദേശരാജ്യങ്ങളിൽ നിന്നും അനവധി പേർ പൊൻമുടി കാണാനെത്തി.