തിരുവനന്തപുരം:വലിയതുറയിൽ ലഹരിമരുന്ന് സംഘത്തിലെ പ്രധാനിയെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു.പിന്നീട് പൊലീസിന് കൈമാറി.വലിയതുറ സ്വദേശി എബി ഇഗ്‌നേഷ്യസിനെയാണ് നാട്ടുകാർ പിടികൂടിയത്.സ്ഥിരമായി ഇയാളെ പിടികൂടി പൊലീസിനു കൈമാറിയാലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയ്ക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.വലിയതുറ പ്രദേശം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തുന്നതായും രാത്രിയിൽ സംഘാംഗങ്ങളെ കൂട്ടിയെത്തി നാട്ടുകാരെ ഭീഷണിപ്പടുത്തുന്നതായും ഇയാൾക്കൊപ്പമുള്ള സംഘാംഗങ്ങളെയും പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.പ്രതിഷേധത്തിൽ കൂടുതൽ പേർ എത്തിയതോടെ പൊലീസും പ്രതിരോധത്തിലായി.നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ സംഘാംഗങ്ങളായ 4 പേരെ കൂടി പിടികൂടി.സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.ഇയാൾ ഉൾപ്പെടുന്ന സംഘത്തെ പിടികൂടിയാലും സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന അളവിലുള്ള ലഹരിമരുന്ന് മാത്രമാണ് ലഭിക്കുന്നതെന്നും അതിനാലാണ് ജാമ്യം നൽകി വിട്ടയ്ക്കുന്നതെന്നും പൊലീസ് അറിയിച്ചു.ഈ ലഹരിമരുന്ന് സംഘം വലിയതുറ,ചെറിയതുറ ഭാഗങ്ങളിലെ ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസമുണ്ടാക്കുന്നതായും പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.