കല്ലമ്പലം: പഞ്ചായത്തംഗത്തിന്റെ ഇടപെടൽ മൂലം പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞവർ കുടുങ്ങി. പള്ളിക്കൽ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം അദ്ധ്യാപകൻ കൂടിയായ പഞ്ചായത്തംഗം എസ്.എസ്. ബിജു ഇടപെട്ട് പിടികൂടിയത് മൂന്നു പേരെയാണ്. പള്ളിക്കൽ - മൂതല റോഡിൽ പ്രവർത്തിക്കുന്ന പള്ളിക്കൽ ആയുർവേദ ആശുപത്രി പരിസരം മാലിന്യക്കൂമ്പാരമായിട്ട് നാളേറെയായി. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് മാലിന്യം നിക്ഷേപിക്കുന്നത്. നാട്ടുകാർ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും മാലിന്യനിക്ഷേപകരെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ആശുപത്രിയിലേക്കുള്ള വഴിയിലാണ് മാലിന്യ നിക്ഷേപിച്ചത്. നാട്ടുകാരറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ മെമ്പർ ബിജു ചാക്കിൽ കെട്ടിയ മാലിന്യം അഴിച്ച് പരിശോധിക്കുകയും ഒരു ചാക്കിനുള്ളിൽ നിന്ന് ഒരാളുടെ റേഷൻ കടയിലെ ബില്ലും, മറ്റൊന്നിൽ ഒരു കുട്ടിയുടെ മേൽവിലാസവും കണ്ടെത്തി. മൂന്നാമത്തേത് ഒരു കാർഡ് ബോർഡായിരുന്നു. ഇതിൽ ഗൾഫിൽ നിന്ന് പാഴ്സൽ അയച്ച അഡ്രസും ഉണ്ടായിരുന്നു. തുടർന്ന് പഞ്ചായത്തംഗം പൊലീസിൽ പരാതി നൽകിയാതോടെ അഡ്രസ് ഉടമകളെ പള്ളിക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതോടെ മൂവരും കുറ്റം സമ്മതിക്കുകയായിരുന്നു.പൊലീസ് പ്രതികളെകൊണ്ട് തന്നെ മാലിന്യം തിരിച്ചെടുപ്പിക്കുകയും താക്കീത് നൽകി വിട്ടയക്കുകയും ചെയ്തു.മാലിന്യ നിക്ഷേപകരുടെ പേര് തൽക്കാലം പുറത്താക്കാതെ പഞ്ചായത്തംഗവും താക്കീത് നൽകി.