
തിരുവനന്തപുരം: കൊവിഡിൽ സ്കൂളുകൾ അടഞ്ഞതോടെ ജോലിയുമില്ല, കൂലിയുമില്ല.
ജീവിത മാർഗ്ഗം തേടി വലയുകയാണ് പ്രീ പ്രൈമറി സ്കൂളുകളിലെ അദ്ധ്യാപികമാരും
ആയമാരും.
പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ ആകർഷിക്കുന്നതിനാണ് എയ്ഡഡ് സ്‌കൂളുകളിലും പ്രീപ്രൈമറി നിർബന്ധമാക്കിയത്. കുട്ടികളിൽ നിന്ന് ഫീസീടാക്കി അദ്ധ്യാപികമാർക്കും ആയമാർക്കും പി.ടി.എ ഓണറേറിയം കൊടുക്കണമെന്ന നിബന്ധനയിലാണ് എയ്ഡഡിൽ പ്രീപ്രൈമറിക്ക് സർക്കാർ അനുമതി നൽകിയത്. കൊവിഡ് മൂലം സ്കൂളുകൾ അടഞ്ഞതോടെ ഓണറേറിയവും നിലച്ചു.. സർക്കാർ സ്‌കൂളുകളിലുള്ളവർക്ക് ഓണറേറിയം സർക്കാരാണ് നൽകുന്നതെങ്കിലും ,2012 നു ശേഷം ജോലി കിട്ടിയവരെ അംഗീകരിക്കാത്തതുകൊണ്ട് അവർക്കും നയാപൈസ കിട്ടുന്നില്ല.
ഇവരിൽ ചിലർ തൊഴിലുറപ്പ് പദ്ധതിയിൽ ക്ളീനിംഗ് ജോലിക്ക് പോകുന്നു. മറ്റ് ചിലർ വഴിയോരത്ത് പൊതിച്ചോറ് വിൽപ്പനയിൽ. പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കഴിഞ്ഞവരാണ് അദ്ധ്യാപികമാർ. സർക്കാർ സ്‌കൂളുകളിൽ അദ്ധ്യാപികമാർക്ക് 11,000 രൂപയും ആയമാർക്ക് 6000 രൂപയുമാണ് ഓണറേറിയം. എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണമനുസരിച്ച് 3000 മുതൽ 6000 വരെ. ഒരു സ്‌കൂളിൽ ഒരു അദ്ധ്യാപികയും ഒരു ആയയുമാണ്.ഇവർക്ക് 2000 രൂപ പ്രതിമാസം സമാശ്വാസം തേടി പലവട്ടം വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയെങ്കിലും, മാനുഷിക പരിഗണന പോലും കാട്ടുന്നില്ലെന്ന് പരാതി..ഓണറേറിയം കിട്ടാതാതോടെ ഹൈക്കോടതിയെ സമീപിച്ചു. ഓണറേറിയം കിട്ടുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് കോടതി ഉത്തരവായിട്ടും ഫലമില്ല.
*പ്രീപ്രൈമറി
സ്‌കൂളുകൾ -2500
*അദ്ധ്യാപകർ -2500
*ആയമാർ -2500
'' ജീവിക്കാൻ നിവൃത്തിയില്ല. പലരും കൂലിപ്പണിക്ക് പോകുന്നു. അതിനും കഴിയാത്ത രോഗബാധിതരുമുണ്ട്. സർക്കാർ ഞങ്ങളുടെ വേദന കാണണം''.
-പി.ബീന, പ്രസിഡന്റ്,
പ്രീപ്രൈമറി സ്‌കൂൾ ടീച്ചേഴ്സ് ആൻഡ്
ആയ അസോസിയേഷൻ
(കെ.പി.എസ്.ടി.എ)