
കിളിമാനൂർ: തോപ്പിൽ പട്ടികജാതി കോളനി നിവാസികൾക്ക് ഇനി കുടിവെള്ളം എത്തും. കിളിമാനൂർ കുടിവെള്ള പദ്ധതിയിൽ നിന്നും, ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിന് പണികൾ ആരംഭിച്ചതായി ബി. സത്യൻ എം.എൽ.എ അറിയിച്ചു.
18 ലക്ഷം രൂപ പട്ടികജാതി ക്ഷേമ ഫണ്ട് ചെലവഴിച്ചാണ് തോപ്പിൽ കോളനിയിലേക്ക് പൈപ്പ് ലൈൻ നീട്ടി കിളിമാനൂർ കുടിവെള്ള പദ്ധതിയിൽ നിന്നും വെള്ളം എത്തിക്കുന്നത്. വാട്ടർ അതോറിട്ടി കിളിമാനൂർ ഡിവിഷനാണ് നിർമ്മാണ ചുമതല. നീണ്ട കാലമായുള്ള തോപ്പിൽ കോളനി നിവാസികളുടെ ആവശ്യമാണ് ഈ പദ്ധതി വഴി നിറവേറുന്നത്. പ്രദേശത്ത് കുഴൽ കിണർ കുഴിച്ച് കുടിവെള്ളം നൽകാൻ ശ്രമിച്ചിരുന്നെങ്കിലും വെള്ളത്തിന്റെ കുറവ് കൊണ്ട് എല്ലായിടത്തും വെള്ളം എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
നിലവിലുള്ള പദ്ധതി പ്രകാരം പൈപ്പ് ലൈൻ എത്തിച്ച് ജലജീവൻ മിഷൻ വഴി എല്ലായിടത്തും ശുദ്ധമായ കുടിവെള്ളം എത്തിക്കാനാകും.