rain

തിരുവനന്തപുരം:ഇത്തവണത്തെ തുലാവർഷത്തിൽ വേണ്ടത്ര മഴ ലഭിച്ചില്ല.ഒക്ടോബർ ആദ്യം തുടങ്ങി ഡിസംബർ അവസാനം പിൻവാങ്ങുന്ന ഈ വടക്കുകിഴക്കൻ കാലവർഷം ഇക്കുറി ദു‌ർബലമായിരുന്നു. കാലക്രമം അനുസരിച്ച് ഇനി മുന്ന് ദിവസംകൂടിയുണ്ടെങ്കിലും തുലാവർഷം ഡിസംബർ ആദ്യവാരം തന്നെ പിൻവാങ്ങിയെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ വിലയിരുത്തുന്നത്.

മഴയുടെ തോതിൽ 25 ശതമാനം കുറവുണ്ടായി. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഇക്കുറിയാണ് ഏറ്റവും കുറവ്. 2019ൽ 27 ശതമാനം അധികമഴ ലഭിച്ചിരുന്നു.

കിഴക്കൻ കാറ്റിന്റെ ശക്തി കുറഞ്ഞതും പസഫിക്ക് സമുദ്രത്തിലെ ലാനിന പ്രതിഭാസവും ന്യൂനമർദ്ദങ്ങളുടെ കുറവും കാരണമാണ് ഇക്കുറി തുലാവർഷം ദുർബലമായത്.

തുലാവർഷകാലം കഴിയുംമുമ്പേ എത്തിയ തണുപ്പുകാലം ജനുവരി അവസാനം വരെയായിരിക്കുമെന്നും വിലയിരുത്തുന്നു.

ഇതുകാരണം, മാർച്ചിൽ തുടങ്ങാറുള്ള വേനൽ ഫെബ്രുവരി മദ്ധ്യത്തോടെ സജീവമാകും. വേനൽ മഴ കനിഞ്ഞില്ലെങ്കിൽ കടുത്ത ജലദൗർലഭ്യം നേരിട്ടേക്കാം.

തുലാവർഷം

പ്രതീക്ഷിച്ചത്: 489 മില്ലീ മീറ്റർ

ലഭിച്ചത്: 364.59 മി. മീ.

കിട്ടാതെപോയത്

മലപ്പുറം : 58%

പാലക്കാട്: 45 %

തൃശ്ശൂർ: 42 %

തിരുവനന്തപുരം 36%

അധികം കിട്ടിയത്

കാസർകോട്: 14%