puraskaravumayi-vaishnavi

കല്ലമ്പലം: മിറർ റൈറ്റിംഗ് അഥവാ തിരിച്ചെഴുത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് ഇടംനേടി വൈഷ്ണവി. ദേശീയ പ്രതിജ്ഞ തിരിച്ചെഴുതിയാണ് ചാവർകോട് നക്ഷത്രയിൽ ജെ.എസ്. ബിനുവിന്റെയും ഷീജാറാണിയുടെയും മകൾ വൈഷ്ണവി ഇന്ത്യ റെക്കോർഡ്സിൽ ഇടം നേടിയത്. ഒരു മിനിറ്റിൽ പ്രതിജ്ഞ തിരിച്ചെഴുതുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായാണ് വൈഷ്ണവിയെ തിരഞ്ഞെടുത്തത്. ലോക്ക് ഡൗൺ കാലത്തെ വിരസത മാറ്റാൻ എഴുതിത്തുടങ്ങിയ തിരിച്ചെഴുത്താണ് ഇന്ത്യ റെക്കോർഡ്സിലേക്ക് വഴി തെളിച്ചത്. മൂന്നാഴ്ചത്തെ പരിശ്രമം കൊണ്ടാണ് നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. പരിശ്രമിച്ചാൽ ആർക്കും സാധിക്കുമെന്ന് വൈഷ്ണവി പറയുന്നു. പാളയംകുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചെസിലും കഴിവ് തെളിയിച്ചിട്ടുണ്ട്.