vishnu

കല്ലമ്പലം : ബന്ധുവായ യുവാവിനൊപ്പം കുളിക്കാൻ പോയ ഭിന്നശേഷിക്കാരനായ യുവാവ് പാറമടയിലെ കുളത്തിൽ വീണ് മരിച്ചു. കരവാരം പഞ്ചായത്തിലെ നെടുമ്പറമ്പ് റീനാഭവനിൽ പരേതനായ ഹർഷകുമാറിന്റെയും ബീനയുടെയും മകൻ വിഷ്ണുവാണ് (22) മരിച്ചത്. കരവാരം ബഡ്സ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത്. വിഷ്ണുവും ബന്ധുവായ വിഷ്ണു എന്നയാളും കൂടി ഞായറാഴ്ച രാവിലെ എട്ടുമണിയോടെ കരവാരം നെല്ലിക്കുന്നിലെ സ്വകാര്യ വ്യക്തിയുടെ പാറമടയിലെ കുളത്തിൽ കുളിക്കാൻ പോയി. കുളത്തിന് അരികിൽ നിന്ന് പല്ലുതേയ്ക്കുകയായിരുന്ന വിഷ്ണു കാൽ വഴുതി പാറക്കുളത്തിൽ വീഴുകയായിരുന്നു. ബന്ധുവായ യുവാവിന്റെ നിലവിളികേട്ട് എത്തിയ പരിസര വാസികൾ പാറമടയിൽ ഇറങ്ങി തിരഞ്ഞെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ല. ആറ്റിങ്ങൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് അമ്പതടിയോളം താഴ്ചയിൽ ചെളിയിൽ പുതഞ്ഞ നിലയിൽ വിഷ്ണുവിന്റെ മ‍ൃതദേഹം കണ്ടെത്തിയത്. തെരച്ചിലിന് സ്കൂബാടീം അം​ഗങ്ങളായ ദിനേഷ്, അനീഷ്, മനു വി നായർ, നിതിൻ, വിദ്യരാജ്, ശ്രീരൂപ്, അഷറഫ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുകുന്ദൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിപിൻ, രാജഗോപാൽ,പ്രമോദ്, ഹോം ഗാർഡ്‌സ് ആയ അനിൽകുമാർ സുധീർ തുടങ്ങിയവർ നേതൃത്വം നൽകി.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംസ്കാരം പിന്നീട്. കല്ലമ്പലം പൊലീസ് കേസെടുത്തു. റീനയാണ് സഹോദരി.