
ശ്രീകാര്യം: ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ വയൽവാരം വീടിന്റെ നവീകരിച്ച സംരക്ഷണ മന്ദിരം 30ന് സമർപ്പിക്കും. വർഷങ്ങൾക്ക് മുമ്പ് സമർപ്പിച്ച മന്ദിരത്തിന്റെ മേൽക്കൂര ഉൾപ്പെടെയുള്ള ഭാഗങ്ങൾ ആധുനിക രീതിയിലാണ് നവീകരിച്ചത്. ഗോകുലം ഗോപാലൻ 2007 ഡിസംബർ 28ന് സമർപ്പിച്ചതാണ് മന്ദിരം. അദ്ദേഹം തന്നെയാണ് ഇപ്പോഴത്തെ നവീകരണ പ്രവർത്തനങ്ങളും നടത്തിയത്. ജോലികൾ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് കാരണം നീണ്ടുപോകുകയായിരുന്നു. 88-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ആരംഭ ദിനമായ 30ന് രാവിലെ 10ന് സാമൂഹിക - സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഗോകുലം ഗോപാലൻ സംരക്ഷണ മന്ദിരം സമർപ്പിക്കുമെന്ന് ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ഡൽഹിയിൽ നിന്നെത്തിച്ച 6 എം.എം കനമുള്ള ഗുണമേന്മയേറിയ പോളികാർബൻ ട്രാൻസ്‌പാരന്റ് ഷീറ്റ് കൊണ്ടുള്ളതാണ് പുതിയ മേൽക്കൂര. പുതുതായി സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകളുടെ ശോഭയിൽ രാത്രികാലങ്ങളിൽ ഗുരുകുലവും പരിസരവും തിളങ്ങും.